മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകത്തിലേക്ക് വിരൽചൂണ്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
1 min read

മഞ്ചേശ്വരത്ത് ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലും കൈക്കും ആയുധം ഉപയോഗിച്ച് വെട്ടിയ പാട്ടുകളുണ്ട്. കൊലപാതത്തിനുശേഷം മൃതദേഹം കിണറ്റിൽ തള്ളിയതെന്നാണ് പൊലീസ് നിഗമനം. ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മംഗളൂരൂ സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം മഞ്ചേശ്വരത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
കര്‍ണ്ണാടകയിലെ മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52) നെ വ്യാഴാഴ്ചയാണ് മാഞ്ഞിമ്ഗുണ്ടയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറിനു സമീപത്ത് ഒരു ഓട്ടോറിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയില്‍ കണ്ട വഴി യാത്രക്കാരനാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു അരികില്‍ ചോരത്തുള്ളികളും ചെരുപ്പും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഓട്ടോയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് മുഹമ്മദ് ഷെരീഫ് ആണെന്നു കണ്ടെത്തിയത്
