വിക്കറ്റ് ഉറപ്പിച്ച് നല്‍കിയ റിവ്യൂ പാളി; ദിഗ്‌വേശ് രതിയെ അടിക്കാനോങ്ങി ഋഷഭ് പന്ത്

1 min read
SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലെ മത്സരങ്ങള്‍ക്കിടെയുണ്ടാകുന്ന രസകരമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വൈറലാക്കാറുണ്ട്. അതുപോലെയുള്ള മറ്റൊരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ നടന്ന മത്സരത്തില്‍ എല്‍എസ്ജി സ്പിന്നര്‍ ദിഗ്വേശ് രതി കെഎല്‍ രാഹുലിനെതിരെ നല്‍കിയ റിവ്യൂ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമാശയായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് ദിഗ്വേശ് രതിയെ തല്ലാന്‍ ആയുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ദിഗ്‌വേശ് രതി എറിഞ്ഞ പന്ത് വിക്കറ്റിന് പുറത്തേക്കാണ് പോയതെന്ന് റിവ്യൂവില്‍ നിന്ന് മനസിലായിരുന്നു. വിക്കറ്റ് കീപ്പറായ പന്തിന് ഇക്കാര്യം നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നെങ്കിലും ബൗളറുടെ അഭിപ്രായത്തിനെ ടീം ക്യാപ്റ്റന്‍ മാനിക്കുകയും റിവ്യൂ എടുക്കുകയുമായിരുന്നു. റിഷഭ് പന്തിന് റിവ്യൂ എടുക്കുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നു. ദിഗ്വേശിന്റെ റിവ്യൂ ഒടുവില്‍ ഓണ്‍-ഫീല്‍ഡ് തീരുമാനത്തെ സ്ഥിരീകരിക്കുകയും എല്‍എസ്ജിയുടെ ഒരു റിവ്യൂ നഷ്ടപ്പെടുകയുമായിരുന്നു. പന്ത് വിക്കറ്റിന് പുറത്തേക്കാണ് പോയതെന്ന് റിവ്യൂവില്‍ മനസിലായതോടെയാണ് ഋഷഭ് പന്ത് ബൗളറെ തമാശയായി അടിക്കാന്‍ ഓങ്ങിയത്. മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിന് മേലുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദമാണ് ഈ സംഭവം കാണിക്കുന്നതെന്ന അഭിപ്രായങ്ങളും വരുന്നുണ്ട്.