May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 6, 2025

കേരള പൊലീസിലെ ‘വല്യേട്ടൻ’ ക്രൗണി വിരമിക്കുന്നു ; ഇനി വിശ്രാന്തിയിൽ വിശ്രമ ജീവിതം

1 min read
SHARE

കേരള പൊലീസിലെ ഏറ്റവും പ്രായം കൂടിയ നായ ‘ക്രൗണി’ ചൊവ്വാഴ്‌ച വിരമിക്കും. ഡോബർമാൻ സേനയിൽ ഇതുവരെ ഉണ്ടായിരുന്നവയിൽ സീനിയറാണ് ക്രൗണി. മാർച്ച്‌ 18ന്‌ നടത്തിയ വൈദ്യ പരിശോധനയിൽ അർബുദം കണ്ടെത്തിയതാണ്‌ ക്രൗണിയുടെ സർവീസ്‌ ജീവിതം അവസാനിപ്പിക്കാൻ കാരണം.
2014 ജനുവരിയിൽ നാലാം ബാച്ചിൽ സേനയുടെ ഭാഗമായ ക്രൗണി പത്തുവർഷവും മൂന്നുമാസവും സർവീസ്‌ പൂർത്തിയാക്കിയാണ് മടങ്ങുന്നത്. പടിഞ്ഞാറ്റുംമുറി എആർ ക്യാമ്പിൽ ഔദ്യോഗിക യാത്രയയപ്പ്‌ നൽകും. തൃശൂർ പൊലീസ്‌ അക്കാദമിയിലുള്ള സേനയിലെ നായകളുടെ വൃദ്ധസദനമായ വിശ്രാന്തിയിൽ ക്രൗണി ഇനിയുള്ള കാലം വിശ്രമ ജീവിതം നയിക്കും.
നിലവിൽ 11 വയസ്സും 5 മാസവും പ്രായമുള്ള ഈ പൊലീസ്‌ നായ 2014 ജനുവരിയിലാണ് സേനയുടെ ഭാഗമാകുന്നത്. തൃശൂർ കേരള പൊലീസ്‌ അക്കാദമിയിൽ നായ പരിശീലന കേന്ദ്രത്തിൽ ഒമ്പതുമാസം പരിശീലനം നേടി. ആദ്യം ഇന്ത്യൻ റിസർവ്‌ ബറ്റാലിയനിലും പിന്നീട് 2017ൽ മലപ്പുറം കെഎപി ബറ്റാലിയനിലും സേവനമനുഷ്ഠിച്ചു. എക്സ്‌പ്ലോസീവ്‌ സ്‌നിഫർ വിഭാഗത്തിൽ പെട്ട നായയെ വിഐപി സുരക്ഷയ്ക്കാണ്‌ പ്രധാനമായും നിയോഗിച്ചത്‌. കവളപ്പാറ പ്രകൃതിദുരന്തത്തിലും നിലമ്പൂരില്‍ കുപ്പുസാമിയുടെ നേതൃത്വത്തിലുളള മാവോയിസ്റ്റ് ഏറ്റുമുട്ടലിലും കുറ്റിപ്പുറം പാലത്തിനടിയില്‍ ആയുധശേഖരം കണ്ടെത്തിയതിലും മലപ്പുറം സിവില്‍ സ്റ്റേഷൻ സ്ഫോടനക്കേസിലും നിർണ്ണായക പങ്കുവഹിച്ചാണ് ക്രൗണിയുടെ മടക്കം.പോലീസ് സേനയുടെ ഭാഗമാകുന്ന നായകൾക്ക് 10 വയസ്സാണ് വിരമിക്കൽ പ്രായം. ഇതിനുശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മൃഗഡോക്ടർ അനുമതി നൽകിയാൽ പരമാവധി ഒരുവർഷം നീട്ടിക്കിട്ടും. ഇങ്ങനെ ഇളവ് ലഭിച്ചതിനാലാണ് ക്രൗണി സർവീസിൽ തുടർന്നത്.