ലൈംഗിക അതിക്രമ പരാതി; നാഗാലാന്റിലെ മലയാളി IAS ഓഫീസർക്ക് സസ്‌പെൻഷൻ
1 min read

നാഗാലാന്റിൽ വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച മലയാളി IAS ഓഫീസറെ സസ്‌പെൻഡ് ചെയ്തു. നാഗാലാൻഡ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായ വിൽഫ്രെഡിനെയാണ് സസ്‌പെൻഡ് ചെയ്തത്.
കേരളത്തിൽ നിന്നുള്ള വിൽഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൂടുതൽ ശമ്പളവും അവസരങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ വനിതാ സഹപ്രവർത്തകരെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്നത്.ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസിൽ ചേരുന്നതിന് മുമ്പ്, ഇയാൾ ഇന്ത്യൻ ഇൻഫർമേഷൻ സർവീസസിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു, ആദ്യം ഡൽഹിയിലും പിന്നീട് ആൻഡമാൻ നിക്കോബാർ ദ്വീപിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്.
വിൽഫ്രെഡിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസ് പറഞ്ഞിരുന്നു.
2021 ൽ നോക്ലാക്ക് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ ഔദ്യോഗിക വസതിയിൽ രണ്ട് വീട്ടുജോലിക്കാരെ പീഡിപ്പിച്ചുവെന്നാരോപിച്ച് മറ്റൊരു കേസിൽ വിൽഫ്രെഡ് വിചാരണ നേരിട്ടിരുന്നു.
