ആഗസ്റ്റ് 29 മുതല്‍ 31 വരെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും
1 min readസംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ആഗസ്റ്റ് 29 മുതല്‍ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി. ആഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ആഗസ്റ്റ് 28നും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്ക് കൂടി ഇത്തവണ ഓണക്കിറ്റുണ്ടാകും. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതല്‍ പൊടിയുപ്പു വരെ 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ നല്‍കുന്നത്. കിറ്റ് തയ്യാറാക്കാനായി സപ്ലൈക്കോയ്ക്ക് 32 കോടി രൂപ മുന്‍കൂര്‍ ആയി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആകെ 93 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം പേര്‍ക്കും കഴിഞ്ഞ ഓണത്തിന് സൗജന്യ കിറ്റ് നല്‍കിയിരുന്നു.