കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കി; കളക്ടർ കള്ളം പറയുന്നു, പ്രതിഷേധക്കാർ
1 min read

പത്തനംതിട്ട കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കിയാണെന്ന് പ്രതിഷേധക്കാർ. അനുമതി നൽകിയ തീയതി തിരുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം സംബന്ധിച്ച് മാത്രമാണ് പരാതി നൽകിയത് എന്ന് കളക്ടർ പ്രേം കൃഷ്ണൻ പറയുന്നത് കള്ളമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ക്വാറി പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
ദുരന്തത്തിന് ഉത്തരവാദികൾ ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിയുമാണ്.പാറമട ഉടമ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും അപകടകരമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം.
ഹിറ്റാച്ചി ഓപ്പറേറ്റർക്കായുള്ള തിരച്ചിൽ ഇന്ന് ആരംഭിച്ചെങ്കിലും നിലവിൽ രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. യന്ത്രസംവിധാനങ്ങളുടെ പരിമിതികളും പാറയിടിഞ്ഞ് വീഴുന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയാണ്.
അതിനാൽ എൻ ഡി ആർ എഫും കേരള ഫയർഫോഴ്സും ചേർന്ന് പ്രത്യേക പ്ലാൻ തയ്യാറാക്കിയാകും രക്ഷാപ്രവർത്തനം.
ഇന്നലെ ഉച്ചതിരിഞ്ഞ് 3:00 മണിയോടെയായിരുന്നു കോന്നി പയ്യനാമൺ ചെങ്കളത്ത് ക്വാറി ഇൻഡസ്ട്രീസിൽ അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളായ ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേവ പ്രധാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയെങ്കിലും പാറ ഇടിഞ്ഞുവീണുകൊണ്ടിരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
ഇതിനിടെ പാറ കഷണങ്ങൾക്കിടയിൽ നിന്നും മഹാദേവ പ്രധാന്റെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി തന്നെ ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായിയുടെ ശരീരം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചങ്കിലും വീണ്ടും ശക്തമായി പാറ ഇടിഞ്ഞതോടെ ദൗത്യം നിർത്തിവെക്കുകയായിരുന്നു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
