July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 8, 2025

നിപ: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

1 min read
SHARE

 

കൽപ്പറ്റ: മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്.

ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ വൈറസിനെതിരെയുള്ള ആന്റി ബോഡികള്‍ കണ്ടെത്തിയിരുന്നു. നിലവില്‍ പഴംതീനി വവ്വാലുകളുടെ പ്രജനന കാലത്ത് നിപ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ജില്ലയിലെ ആരോഗ്യ മേഖല നിപ വൈറസിനെതിരെ പകര്‍ച്ചവ്യാധി സര്‍വെയ്‌ലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. രോഗസാധ്യത ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കി പൊതുജന പങ്കാളിത്തത്തോടെ ജന്തു-ജന്യ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. നിപ വൈറസ് പോലുള്ള ജന്തു-ജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതപാലിക്കണമെന്നും ഡി എം ഒ അറിയിച്ചു.

നിപ ലക്ഷണങ്ങള്‍

പനിയോടൊപ്പം ശക്തമായ തലവേദന, തൊണ്ടവേദന, പേശീവേദന, ചുമ, ശ്വാസതടസ്സം, ക്ഷീണം, ഛര്‍ദ്ദി, തളര്‍ച്ച, കാഴ്ച മങ്ങല്‍, മാനസിക വിഭ്രാന്തി, ബോധക്ഷയം എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്, ഇത്തരം രോഗലക്ഷണങ്ങളുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മാസ്‌ക് ഉപയോഗിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവര്‍, അടുത്തിടപഴകുന്നവര്‍ എന്‍ 95 മാസ്‌ക്, കൈയ്യുറ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. കൈകള്‍ പല സ്ഥലങ്ങളിലും സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകണം. രോഗീ സന്ദര്‍ശനം, പകര്‍ച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ള രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് എന്നിവ പ്രത്യേകം പുഴുങ്ങി അലക്കി ഉണക്കണം. മുറി, വ്യക്തിഗത സാധനങ്ങള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് കഴുകുക.

ശ്രദ്ധിക്കേണ്ടത് ഏന്തെല്ലാം

പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍, പച്ചക്കറികള്‍ ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം കഴിക്കുക. അടക്ക പോലുള്ള വവ്വാലുകള്‍ തൊടാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എടുക്കുമ്പോള്‍ കൈയ്യുറ ഉപയോഗിക്കുക. തുറന്ന് വെച്ച കലങ്ങളില്‍ സൂക്ഷിക്കുന്ന കള്ള്, പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. വവ്വാലുകളെ ഉപദ്രവിക്കുകയോ അവയുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിയകറ്റുകയോ ചെയ്യരുത്. ഭയചകിതരാവുന്ന വവ്വാലുകള്‍ കൂടുതല്‍ ശരീര സ്രവങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കാരണമാവുകയും നിപ രോഗസാധ്യത വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. വ്യക്തി- ഭക്ഷണ ശുചിത്വം, പകര്‍ച്ചവ്യാധി സാധ്യതകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മതയുമാണ് നിപ വൈറസ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍. പൊതുജനങ്ങള്‍ തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും തിരിച്ചറിഞ്ഞ് സഹായങ്ങള്‍ക്കും സംശയങ്ങള്‍ക്കും തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ദിശ ഹെല്‍പ് ലൈന്‍ നമ്പറുകളിലോ 104, 1056, 0471 2552056 ബന്ധപ്പെടണം.