കോണ്ടത്തിനുള്ളില്‍ എംഡിഎംഎ, ഞെട്ടി പൊലീസ്; ആശുപത്രിയിലെത്തിച്ചതോടെ യുവാവ് കുടുങ്ങി.
1 min read

ഇന്ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനടുത്ത് നിന്ന് ഒരു യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് പിടികൂടി. ചോദ്യങ്ങള്‍ ചോദിച്ചതോടെ അവിടെ നിന്ന് പരുങ്ങിയ ഇരവിപുരം സ്വദേശിയായ അജ്മൽ ഷായെ സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്ന് ദേഹമാകെ പരിശോധിച്ചു. എന്നാല്‍ ഇയാളില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല.
ലഹരിക്കേസില്‍ ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു അജ്മൽ ഷാ. എന്നാല്‍ യുവാവിനെ അങ്ങനെയങ്ങ് പറഞ്ഞ് വിടാന്‍ ഡാൻസാഫ് സംഘം തയ്യാറല്ലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ച് സ്കാനിംഗ് നടത്തിയപ്പോഴാണ് കള്ളി പുറത്തായത്.
കോണ്ടത്തിനുള്ളില്‍ എംഡിഎംഎ നിറച്ച ശേഷം അത് മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു അജ്മൽ ഷാ. തുടര്‍ന്ന് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 107 ഗ്രാം എംഡിഎംഎയാണ് രണ്ട് ഗർഭനിരോധന ഉറകളിൽ നിറച്ച് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചത്.
ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി കേരളത്തിലാകെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്പനയില് ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1858 പേരെയാണ് പരിശോധിച്ചത്. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 68 പേരെ അറസ്റ്റ് ചെയ്യുകയും, 67 കേസുകളെടുക്കുകയും ചെയ്തു.
