ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശനം സദുദ്ദേശ്യപരമെന്ന് കരുതാൻ സൗകര്യമില്ല’; പി ജെ കുര്യനെതിരെയുള്ള രാഹുൽ മാക്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്
1 min read

പി ജെ കുര്യനെതിരെയുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാക്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്. കുര്യൻ്റെ വിമർശനം സദുദ്ദേശപരമെന്ന് കരുതാൻ സൗകര്യമില്ലെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറയുന്ന ശബ്ദ സന്ദേശം ആണ് പുറത്തുവന്നത്.. യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശം എത്തിയത്. ചാനലിന്റെ മുമ്പിൽ വച്ച് പറഞ്ഞ വിമർശത്തെ സ്വീകരിക്കാൻ സൗകര്യമില്ലെന്നും ശബ്ദ സന്ദേശം.
സർവകലാശാല സമര വിഷയത്തിലാണ് പി ജെ കുര്യൻ എസ്എഫ്ഐയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചത്. കോൺഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിൽ വച്ചാണ് പി ജെ കുര്യൻ യൂത്ത് കോൺഗ്രസിനെ നിശിതമായി വിമർശിച്ചത്. ക്ഷുഭിത യൗവ്വനത്തെ കൂടെ നിർത്തുന്നത് എസ്എഫ്ഐയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കളെ ടി വിയിൽ മാത്രമേ കാണാറുള്ളെന്നുമായിരുന്നു പി ജെ കുര്യന്റെ പരാമർശം.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഇവിടെയുണ്ട്. കെഎസ്‍യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ പ്രസിഡന്റുമാർ ഈ വേദിയിലുണ്ട്. സംസ്ഥാന പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിൽ ഒക്കെയേ കാണാറുള്ളൂ. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചു കൂട്ടുന്നില്ല. ഒരു മണ്ഡലത്തിൽ നിന്ന് 25 ചെറുപ്പക്കാരെപ്പോലും ഒപ്പം കൂട്ടാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. എന്തെല്ലാം എതിർ പ്രചരണമുണ്ടെങ്കിലും അവരുടെ സംഘടന എത്ര ശക്തമാണ്. കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ സമരം നിങ്ങൾ കണ്ടില്ലേ? അഗ്രസീവായ യൂത്തിനെയാണ് അവർ അവരുടെ കൂടെ നിർത്തുന്നത്.
യുവജനങ്ങൾ കോൺഗ്രസിൽ നിന്ന് അകലുന്നു. 75 പേര് ഉണ്ടായിരുന്നിടത്ത് 5 ചെറുപ്പക്കാരില്ല. 40 താഴെയുള്ള 5 ചെറുപ്പക്കാർ പോലുമില്ലെന്നും പി ജെ കുര്യൻ വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെയും ജില്ലാ യൂത്ത് കോൺഗ്രസ് നേതാക്കളെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ വിമർശനം. മുമ്പ് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സുധാകരനും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നിരുന്നു.
