അമൃത് പദ്ധതി നടപ്പിലാക്കാതിരുന്നത് ശ്രീകണ്ഠാപുരം നഗരസഭയുടെ കാര്യക്ഷമതയില്ലായ്മ കേരളാ കോൺഗ്രസ് (എം)
1 min read

പയ്യാവൂർ:-ശ്രീകണ്ഠാപുരം നഗരസഭയുടെ സമീപ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കികൊണ്ട് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുളള പദ്ധതി നടപ്പിലാക്കി. ശ്രീകണ്ഠാപുരം നഗരസഭ വേനൽ കാലത്ത് വീടുകളിൽ കുടിവെള്ളക്ഷാമം അനുഭവിക്കുമ്പോൾ വാട്ടർ ടാങ്കറുകളിൽ എത്തിച്ചിരുന്നു. എന്നാൽ അവശ്യസമയങ്ങളിൽ വേണ്ടത്ര അളവിൽ എത്തിക്കാൻ സാധിക്കുന്നില്ല.
ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വേനൽകാലത്ത് നഗരസഭയിൽ ഭൂരിഭാഗം കിണറുകളിലും ജലനിരപ്പ് വളരെയധികം താഴ്ന്നു. അടുത്ത വർഷങ്ങളിൽ കിണറിലെ ജലം വറ്റിവരണ്ടേക്കാമെന്ന അതിഭീതിതമായ സ്ഥിതിവിശേഷമാണ് പലയിടത്തുമുള്ളത്. മുൻകാലങ്ങളിൽ മലയോരപ്രദേശത്തും അല്ലെങ്കിൽ തീരദേശത്തും മാത്രം അതി രൂക്ഷമായി അനുഭവപ്പെട്ടിട്ടുള്ള ജലക്ഷാമം വരും വർഷങ്ങളിൽ സകല മേഖലകളെയും വരിഞ്ഞുമുറുക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.
വാട്ടര്‍ അതോറിറ്റി അമൃത് പദ്ധതി പ്രകാരം ഒട്ടുമിക്ക നഗരസഭകളിലും ശുദ്ധജലവിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ നടപ്പിലാക്കിയപ്പോൾ ശ്രീകണ്ഠാപുരം നഗരസഭ നടപ്പിലാക്കിയില്ല. അടൽ മിഷൻ ഫോർ റെജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫോർമേഷൻ (AMRUT) പ്രകാരം പദ്ധതികൾ കേരളത്തിൽ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി നിരവധി പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ശ്രീകണ്ഠാപുരത്ത് ഈ വർഷം തന്നെ അമൃത് പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തത് നഗരസഭ ഭരണസമിതിയുടെ ദീർഘവീക്ഷണമില്ലായ്മയും,കാര്യക്ഷമതയില്ലായ്മയാണെന്ന് കേരളാ കോൺഗ്രസ് (എം).
ചെമ്പന്തൊട്ടി ഓഫിസിൽ നടന്ന യോഗം ഉന്നതഅധികാര സമിതി അംഗം ജോയിസ് പുത്തൻപുര ഉദ്ഘാടനം ചെയ്തു. ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സുരേഷ് കുമാർ, ബിനു ഇലവുങ്കൽ, സണ്ണി മുക്കുഴി, ഷാജി കുര്യൻ,ജോർജ് മേലേട്ട്, ഷാജി കുറ്റ്യാത്ത്, ജോയി കെ.ജെ, ബാബു തയ്യിൽ, ജോണി ഉറുമ്പുക്കാട്ടിൽ, ക്ലീറ്റസ് അറക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു .
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
