സമരം തന്നെ ജീവിതം’; തീക്ഷ്ണജീവിതം വരച്ചുകാട്ടിയ ആത്മകഥ
1 min read

അടിമുടി സമരപോരാളിയായിരുന്നു വി എസ് അച്യുതാനന്ദൻ. അതു അന്വർഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരും. ‘സമരം തന്നെ ജീവിതം’ എന്ന പേരിൽ സമരതീക്ഷ്ണമായ രാഷ്ട്രീയ ജീവിതവും അനുഭവസമ്പന്നമായ വ്യക്തിജീവിതവുമാണ് ഈ കൃതിയിൽ അവതരിപ്പിച്ചത്.
കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി എസ് അച്യുതാനന്ദനെന്ന് ആത്മകഥ വ്യക്തമാക്കുന്നു. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ജീവിച്ചിരുന്ന അവസാനത്തെയാളായിരുന്നു വി എസ്. അദ്ദേഹത്തിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങൾക്കൊപ്പം നടന്ന വി എസ്സിന്റെ ആത്മരേഖയാണ് ഈ ആത്മകഥ.
ചുവന്ന അടയാളങ്ങൾ
പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വി എസ് അച്യുതാനന്ദനിൽ കാലവും അധികാരവും വരുത്തിയ മാറ്റങ്ങളെ വസ്തുനിഷ്ഠമായി ഈ കൃതി അനാവരണം ചെയ്യുന്നു.
ജനനം സംബന്ധിച്ച വിശദാംശങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്: ‘1923 ഒക്ടോബര്‍ 20-നാണ് ഞാന്‍ ജനിച്ചത്. ഇന്നത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ പുന്നപ്ര വില്ലേജില്‍ വരുന്ന വേലിക്കകത്ത് വീട്ടില്‍. അച്ഛന് ശങ്കരന്, അമ്മ അക്കമ്മ. ഇവരുടെ രണ്ടാമത്ത മകന്. എനിക്ക് നാലു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. വസൂരി പിടിപെട്ടായിരുന്നു മരണം. അന്ന് വസൂരിക്ക് ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നില്ല. അമ്മയുടെ മരണം ഇന്നും മനസില്‍ വിട്ടുമാറാത്ത ഓര്‍മയാണ്. വസൂരി ബാധിച്ച അമ്മയെ വീട്ടില്‍ ചികിത്സയ്ക്ക് ആളെ ഏര്‍പ്പെടുത്തിയ ശേഷം അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് ഞങ്ങള്‍ താമസം മാറ്റി. അന്ന് വസൂരി പേടിസ്വപ്നമായിരുന്നു. വസൂരി ബാധിച്ചാല്‍ മരണമാണ്. അടുത്തു ചെന്നാല്‍ പകരും.
രോഗബാധിതയായ അമ്മയെ ദൂരെ നിന്നു നോക്കി കണ്ണീര് വാര്‍ക്കാനേ കുട്ടിയായ എനിക്ക് കഴിഞ്ഞുള്ളൂ. അമ്മയുടെ മരണ ശേഷം അച്ഛനാണ് വളര്‍ത്തിയത്. 11 വയസുള്ളപ്പോള്‍ അച്ഛനും മരിച്ചു. അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥനായ എന്നെയും സഹോദരങ്ങളെയും അച്ഛന്റെ സഹോദരി, എന്റെ അപ്പച്ചിയാണ് വളര്‍ത്തിയത്. ജ്യേഷ്ഠന് ഗംഗാധരന് ആയിരുന്നു കുടുംബം പോറ്റിയത്. അച്ഛന് മരിച്ചതോടെ ഏഴാം ക്ലാസില്‍ പഠനം നിലച്ചു. ജ്യേഷ്ഠന് സ്വന്തമായി ഉണ്ടായിരുന്ന തയ്യല്‍ക്കടയില്‍ സഹായിയായി കൂടി. പഠനം തുടരാന്‍ കഴിയാത്തതില്‍ നിരാശയുണ്ടായിരുന്നു. എസ് എസ് എല്‍ സിയെങ്കിലും നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു’- വി എസ് അച്യുതാനന്ദൻ വിവരിക്കുന്നു.
അവിടുന്നിങ്ങോട്ട് ജീവിതത്തിലെ ഓരോ സുപ്രധാന നിമിഷവും പുസ്തകത്തിൽ വി എസ് വിവരിക്കുന്നു. തയ്യൽ തൊഴിലാളിയായതും തൊഴിലാളി നേതാവായതും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായതും പുന്നപ്ര- വയലാർ സമരത്തിന്റെ മുന്നണിയിലേക്ക് എത്തിയതുമെല്ലാം വി എസ് വ്യക്തമാക്കുന്നുണ്ട്. പിന്നീടുള്ള രാഷ്ട്രീയ- പാർലമെന്ററി ജീവിതവും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമൊക്കെയായ വി എസിനെ സമരതീക്ഷ്ണതയോടെ നമുക്ക് ഈ പുസ്തകത്തിലൂടെ അനുഭവിച്ചറിയാം.
