സ്മൃതികളിൽ വിലമതിക്കപ്പെടുന്ന ഈ മുഖങ്ങൾ ചരിത്ര പാതകൾ തിരിച്ചറിയുന്നവർക്കുള്ള പാഠപുസ്തകമാണ്, മൂന്നു ജനഹൃദയങ്ങൾ “: ബിനീഷ് കോടിയേരി

1 min read
SHARE

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിച്ച് അന്തരിച്ച മുൻ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരി. കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി, വി എസ് അച്യുതാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അനുശോചനം രേഖപ്പെടുത്തിയത്.

ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. “സ്മൃതികളിൽ വിലമതിക്കപ്പെടുന്ന ഈ മുഖങ്ങൾ ചരിത്ര പാതകൾ തിരിച്ചറിയുന്നവർക്കുള്ള പാഠപുസ്തകമാണ്. മൂന്നു ജനഹൃദയങ്ങൾ “ എന്നാണ് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെ വി എസ് അച്യുതാനന്ദന്റെ പൊതുദർശനം തുടരുകയാണ്. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് വി എസിന്റെ മൃതദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.

നൂറ് കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ അവസാനമായി കാണാൻ സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം ഉണ്ടാകും.

ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10 മണി മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.