ധർമസ്ഥലയിലെ പരാതിക്കാരൻ മുസ്ലിം, പിന്നിൽ കേരള സർക്കാർ; ഗൂഢാലോചന ആരോപണവുമായി ബിജെപി നേതാവ് ആർ അശോക
1 min read

ധർമസ്ഥലയിൽ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നിൽ കേരള സർക്കാരാണെന്ന് കുറ്റപ്പെടുത്തി കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക രംഗത്ത്. ചില ‘അദൃശ്യകൈകൾ’ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അശോക ആരോപിച്ചു. പരാതിയുമായി രംഗത്ത് വന്നയാൾ മുസ്ലിം ആണെന്നും ഇതിന് പിന്നിൽ കേരള സർക്കാരാണെന്നും ബിജെപി നേതാവായ അശോക ആരോപിച്ചു.ക്ഷേത്ര അധികാരികൾ പോലും അന്വേഷണത്തെ സ്വാഗതം ചെയ്തുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഗൂഢാലോചന ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പുരോഗതിയെ താൻ സ്വാഗതം ചെയ്യുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരണം. എന്നാൽ ക്ഷേത്രത്തെ കരിവാരിതേയ്ക്കാൻ വ്യക്തമായ ശ്രമം ചിലർ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.എന്നാൽ പരാതിക്കാരൻ മുസ്ലിമാണെന്ന അശോകിൻ്റെ ആരോപണങ്ങൾ തെറ്റാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹിന്ദുവാണ് പരാതിക്കാരൻ എന്ന് വ്യത്യസ്ത സോഴ്സുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2018ലെ സാക്ഷികളെ സംരക്ഷിക്കുന്ന നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നതിനാൽ അയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്.അതേസമയം, ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം അന്വേഷണം തുടരുകയാണ്. മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. മൊഴിയെടുപ്പിനിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് എവിടെയെല്ലാമാണ് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകൾ നൽകിയിരുന്നു.ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
