May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

നിപയെ കേരളം പ്രതിരോധിച്ചത് ലോകം കാണുന്നത് അത്ഭുതത്തോടെയെന്ന് എ എ റഹീം എംപി

1 min read
SHARE

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനെയും അഭിനന്ദിച്ച് എ എ റഹീം എംപി. പ്രത്യേക പാർലമെന്റ് സമ്മേളനത്തിനായി ദില്ലിയില്‍ എത്തിയപ്പോൾ മുതൽ പലർക്കും അറിയേണ്ടത് കേരളത്തിലെ നിപ വൈറസ് ബാധയെ കുറിച്ചായിരുന്നു. നിപ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചെന്ന് എ എ റഹീം ഫേസ് ബുക്കില്‍ കുറിച്ചു.ആശങ്ക വേണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിഞ്ഞു. അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ  അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. രോഗം തിരിച്ചറിഞ്ഞത് മുതൽ ശാസ്ത്രീയമായി എങ്ങനെ നിപ പ്രതിരോധം സാധ്യമാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് കേരളമെന്ന് എ എ റഹീം പറഞ്ഞു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്താണ് എ എ റഹീം എംപി കുറിപ്പ് അവസാനിപ്പിച്ചത്. 

 

കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രത്യേക പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിൽ എത്തിയപ്പോൾ മുതൽ പലർക്കും അറിയേണ്ടത് കേരളത്തിലെ നിപ വൈറസ് ബാധയെ കുറിച്ചാണ്. ആശങ്ക വേണ്ടെന്നും നിപ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചു എന്നും ആത്മവിശ്വാസത്തോടെ എല്ലാവർക്കും മറുപടി നൽകാനായി. അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വീണ്ടും ലോകശ്രദ്ധ ആകർഷിക്കുകയാണ്. രോഗം തിരിച്ചറിഞ്ഞത് മുതൽ ശാസ്ത്രീയമായി എങ്ങനെ നിപ പ്രതിരോധം സാധ്യമാകുമെന്ന്  ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് കൊച്ചു കേരളം. രോഗം റിപ്പോർട്ട് ചെയ്തത് മുതൽ കോഴിക്കോട്  ക്യാമ്പ് ചെയ്യുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെയും  ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്.

രോഗബാധിതയായ 9 വയസ്സുകാരന്റെ അമ്മയോട് സംസാരിച്ച് ആത്മവിശ്വാസം നൽകുന്ന ആരോഗ്യമന്ത്രി കേരളത്തിന് ആകെ പകർന്നു നൽകിയതും അതേ ആത്മവിശ്വാസമാണ്. ആ ധൈര്യവും ആത്മവിശ്വാസവുമാണ് ഓരോ ആരോഗ്യ പ്രവർത്തകരിലും പ്രകടമായത്. പൊതുജനാരോഗ്യ രംഗത്ത് ഇടതുപക്ഷ സർക്കാർ പുലർത്തി വരുന്ന കരുതൽ ഒരിക്കൽ കൂടി കേരളത്തിന്റെ  ആരോഗ്യ മോഡലിന്റെ കരുത്ത് തെളിയിച്ചു. നിപ ഭീതി ഒഴിയുമ്പോൾ  മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹൃദയ അഭിവാദ്യങ്ങൾ