May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 13, 2026

ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ലിന് തുടക്കമായി*  *എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

SHARE

 

 

ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ല് 2025 ന് ചെറുവത്തൂരിൽ തുടക്കമായി. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ഓണം കേരളത്തിന്റെ സമ്പൽസമൃദ്ധിയുടെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് എം രാജഗോപാലൻ എംഎൽഎ പറഞ്ഞു. ഓണക്കാലത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുകയാണ് സർക്കാർ. കൃത്യമായി പെൻഷൻ നൽകിയും, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങൾക്കും ഉത്സവബത്ത നൽകിയും സാധാരണക്കാരന്റെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുകയാണ് സർക്കാർ എന്ന് എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, കുമാർ,ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ. സജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ പി. പത്മിനി, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം വി.വി. രമേശൻ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ്, ടിഡിപിസി സെക്രട്ടറി ജെ കെ ജിജേഷ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ

കെ. ബാലകൃഷ്ണൻ, കെ.വി. സുധാകരൻ, സി.വി. വിജയരാജ്, എ.കെ. ചന്ദ്രൻ, കുര്യാക്കോസ് പ്ലാപറമ്പിൽ, ടി.വി. വിജയൻ മാസ്റ്റർ, വി.വി. കൃഷ്ണൻ, സുരേഷ് പുതിയേടത്ത് എന്നിവർ സംസാരിച്ചു.ഓണവില്ലിന്റെ ആദ്യ ദിനത്തിൽ കുടുംബശ്രീ ജില്ലാമിഷൻ കാസർഗോഡിന്റെ ആട്ടഗദ്ദേ സംഘത്തിന്റെ നേതൃത്വത്തിലുള്ള എരുതുകളി, മംഗളംകളി, കൊറഗ നൃത്തം എന്നിവയും, ഇ.ജി. അപർണ ശർമ്മയുടെ ഭരതനാട്യം, കണ്ണൂർ ഷെരീഫും സംഘത്തിന്റെയും ഓണനിലാവ് സംഗീത വിരുന്നും അരങ്ങിലെത്തി.

 

രണ്ടാം ദിനത്തിൽ ചെറുവത്തൂർ ജയശ്രീ ജയരാജിന്റെ നേതൃത്വത്തിലുള്ള കൈകൊട്ടിക്കളി, ഒപ്പന, കലാമണ്ഡലം അഭിജോഷ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, സജീവൻ ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസൽ തേൻമഴ, പുഷ്പാവതി നയിക്കുന്ന സംഗീത വിരുന്ന് ഉത്രാടസന്ധ്യ എന്നിവ അരങ്ങേറും.

 

സെപ്റ്റംബർ അഞ്ചിന് ശ്രീ നെല്ലിക്കാ തുരുത്തി കഴകം ഭാഗവതി ക്ഷേത്രം പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി, മടിക്കൈ ചിന്മയ കലാനിലയത്തിന്റെ യക്ഷഗാനം, കോഴിക്കോട് ബിഗ് ബാൻഡിന്റെ സംഗീത പരിപാടി നടക്കും.

സെപ്റ്റംബർ ആറിൻ ഉപ്പള മൊഗർ സർവീസ് സൊസൈറ്റിയുടെ ഉടുക്കുകൊട്ടികളി, കോഴിക്കോട് ശ്രാവണിക അവതരിപ്പിക്കുന്ന മോഹിനിയാട്ടം, കയ്യൂർ അമ്മമ്മക്കൂട്ടത്തിന്റെ ഫ്യൂഷൻ ഡാൻസ്, പാലക്കാട് വിശ്വനാഥ പുലവരുടെ തോൽപ്പാവക്കൂത്ത്, തളിപ്പറമ്പ് കലാക്ഷേത്രത്തിന്റെ ഡാൻസ് ഫിയസ്റ്റ – കുരുക്ഷേത്ര അരങ്ങേറും.

സെപ്റ്റംബർ എഴിന് തുരുത്തി പീപ്പിൾസ് ആർട്‌സ് ആന്റ് സ്‌പോർട്സ് സെന്ററിന്റെ അലാമിക്കളി, കാസർകോട് മഹിളാ സമാഖ്യ സൊസൈറ്റിയുടെ ആട്ടവും പാട്ടും, കാസർകോട് ടീം തക്ക തക്കയുടെ സിനിമാറ്റിക് ഡാൻസ്, ഇല്ലം മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്ന് എന്നിവയോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

 

അഞ്ച് ദിവസങ്ങളിലായി 19 പരിപാടികളിലായി 200-ത്തിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതം, നാടോടി കലാരൂപങ്ങൾ, നൃത്തം, ഗസൽ, ചാക്യാർകൂത്ത്, തോൽപ്പാവക്കൂത്ത് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത്.

 

ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ ആറിന് പരവനടുക്കം ഓൾഡ് ഏജ് ഹോമിൽ സ്നേഹസദ്യയും, ചെറുവത്തൂർ മെർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ദീപാലങ്കാരങ്ങളും സംഘടിപ്പിക്കും.