ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെ.

ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം പാർട്ടി ചീഫ് കോർഡിനേറ്ററും കിറ്റക്സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെ. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തില്‍ ഇഡി കേസ് എടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. മൂന്ന് തവണയും ഹാജരായത് ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയിരുന്നു.സാബു എം ജേക്കബ് തന്നെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നിലപാട് കടുപ്പിക്കുന്നതിന് ഇടയിലാണ് ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം ഉണ്ടാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വരെ തനിച്ച് നിന്ന ട്വന്റി 20 വളരെ പെട്ടെന്നായിരുന്നു ബിജെപിയുമായി സഖ്യം ചേരാനുള്ള തീരുമാനം എടുത്തത്. ഇ ഡി നടപടി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാർട്ടിയുടെ എന്‍ഡിഎ പ്രവേശനം എന്ന സംശയങ്ങളും ഇതോടെ ശക്തമായി.ബിജെപിയുടെ വികസിത രാഷ്ട്രീയമാണ് തന്നെ എന്‍ഡിഎയിലേക്ക് ആകർഷിച്ചതെന്നായിരുന്നു എന്‍ഡിഎയില്‍ ചേരുന്നതിനുള്ള പ്രധാന കാരണമായി സാബു എം ജേക്കബ് പറഞ്ഞിരുന്നത്. എല്‍ഡിഎഫും യുഡിഎഫും തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ കിറ്റക്സ് ഗ്രൂപ്പിന്റെ വിദേശ നിക്ഷേപത്തില്‍ ചട്ടലംഘനം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണം ഇഡി ഊർജ്ജിതമാക്കി വരുന്നതിനിടയിലെ എന്‍ഡിഎ പ്രവേശനം തുടർ നടപടികളെ ബാധിക്കുമോയെന്ന ആശങ്കയും ശക്തമായി.അതേസമയം, ഇ ഡിയെ പേടിച്ചാണ് സാബു എം ജേക്കബ് ബിജെപിയില്‍ ചേര്‍ന്നതെങ്കില്‍ ഇതില്പരം നാണക്കേടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. ബിജെപിയിലേക്കൊന്നും പോവില്ലെന്ന് സാബു പലപ്പോഴും പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് സാബു പോയത് ഇഡിയെ പേടിച്ചാണെങ്കില്‍ ഇതില്പരം നാണംകെട്ട മറ്റൊന്നില്ല. ഇ ഡിയുടെ നോട്ടീസ് പേടിച്ച് പോകുന്ന ഒരാളാണെങ്കില്‍ അയാള്‍ക്കൊരു നിലപാടുമില്ലെന്നാണ് അര്‍ത്ഥമെന്നും ഷിയാസ് പറഞ്ഞു.

