കായംകുളം ലൈംഗികാതിക്രമം: പ്രതി സിനിൽ സബാദിനായി അന്വേഷണം ഊർജിതം

ആലപ്പുഴ കായംകുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയായ സിനിൽ സബാദിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അന്വേഷണസംഘം തിരുവനന്തപുരത്തെത്തി ഇന്നലെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാപാരികളുടെ സംഘടനയിൽ നിന്ന് പ്രതിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയിരുന്നു. ഡിജിപി നേരിട്ട് ഇടപെട്ടതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.ഇക്കഴിഞ്ഞ മൂന്നിനാണ് തീർത്ഥാടനത്തിന് പോയി മടങ്ങി വരവേ യുവതി സഞ്ചരിച്ചിരുന്ന വാഹനം കായംകുളത്ത് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സബാദ് യുവതിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു.സിനിൽ സബാദിനെതിരെ പൊലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ല.തുടർന്നാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായി എന്നാണ് കണ്ടെത്തൽ. പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താനോ മറ്റു നടപടികളിൽ കിടക്കാനോ പൊലീസ് ശ്രമിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

