ആർഎസ്എസിനെതിരെ വിശാലമായ ബ്ലോക്കുണ്ടാകണമെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്: എംഎ ബേബി

ആർഎസ്എസിനെതിരെ വിശാലമായ ബ്ലോക്കുണ്ടാകണമെന്ന നിലപാട് തന്നെയാണ് സിപിഐഎമ്മിന്റേതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യ മുന്നണിയിൽ പങ്കെടുക്കണോയെന്ന് ഇന്ന് തീരുമാനിക്കുമെന്നും ബിജെപിക്കെതിരായ പോരാട്ടത്തിന് വേണ്ടിയാണ് ഇന്ത്യ മുന്നണി ഉണ്ടാക്കിയത് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടികളോട് കാണിക്കേണ്ട മര്യാദയും അന്തസ്സുമുണ്ട്. സിപിഐഎം ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന ആരോപണം കോൺഗ്രസിന്റെ ദേശീയ നേതാക്കൾ വന്ന് പറയുകയാണ്. ഇതെല്ലാം കത്തിൽ ചൂണ്ടിക്കാണിച്ചതായും എം എ ബേബി പറഞ്ഞു. ഇന്ന് ആരംഭിച്ച രണ്ടു ദിവസം നീളുന്ന സി പി ഐ എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയത് ആയിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുമായി ബന്ധപ്പെട്ട് സി പി ഐ എം കീഴ്ഘടകങ്ങൾ നൽകിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞദിവസം ചർച്ച ചെയ്തു. അതിൻറെ തുടർ ചർച്ചകളും അന്തിമ റിപ്പോർട്ട് തയ്യാറാക്കലും ആണ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരുത്തൽ നടപടികൾ സംബന്ധിച്ച് രൂപമാകുക.

