August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

നേപ്പാളിൽ മിന്നൽ പ്രളയത്തെ അതിജീവിച്ച് കാസർകോട് സ്വദേശികൾ നാട്ടിലെത്തി.

SHARE

 

കാഞ്ഞങ്ങാട്:മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ കാസർകോട് സ്വദേശികൾ സുരക്ഷിതമായി നാട്ടിലെത്തി.ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ നിന്ന് ബംഗളൂരുവിമാനത്താവളത്തിലെത്തിയ അഞ്ചംഗ സംഘം ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.

പ്രളയത്തിന്റെ കൺമുന്നിൽ കണ്ട ഭീകരതയുടെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് നാട്ടിലെത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു.36 പേർ ഉൾപ്പെട്ട സംഘം രണ്ട് വാഹനങ്ങളിലായാണ് നേപ്പാളിൽ യാത്ര ചെയ്തിരുന്നത്.

കെട്ടിടാവശിഷ്ടങ്ങളും മരങ്ങളുംവാഹനങ്ങളുമെല്ലാം ഒഴുകിപ്പോകുന്നത് നേരിൽ കണ്ടതായി ഇവർ പറഞ്ഞു.സംഭവത്തിന്റെ വ്യാപ്തി അന്ന് പൂർണമായിമനസ്സിലായിരുന്നില്ല. പ്രദേശവാസികളോട് അന്വേഷിച്ചപ്പോൾ ചെറിയൊരു ഡാം പൊട്ടിയെന്നാണ് അറിഞ്ഞത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രളയത്തിന്റെ ഭീകരത മനസ്സിലാക്കിയപ്പോൾ ഞെട്ടിപ്പോയെന്നും ഇവർ പറഞ്ഞു.എന്ത് ചെയ്യണം, എങ്ങോട്ട് പോകണംഎന്നതിനെക്കുറിച്ച് യാതൊരു നിർദേശവും ലഭിച്ചിരുന്നില്ല.

രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ അവിടെത്തന്നെ കാത്തിരുന്നു. പിന്നീട് കാട്ടിലൂടെ പുറത്തേക്കുള്ള ഒരു വഴിയുണ്ടെന്ന് അറിഞ്ഞതോടെ ഏകദേശം 60 കിലോമീറ്റർ ദൂരം കാട്ടിലൂടെ യാത്ര ചെയ്താണ് സുരക്ഷിതസ്ഥാനത്തെത്തിയത്.രാത്രിസമയത്തായിരുന്നു യാത്ര. ഇറക്കത്തിനിടെ വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതും വലിയ ഭീതി സൃഷ്ടിച്ചു.നാട്ടിലെത്താൻ കഴിയുമോയെന്ന ആശങ്കയിലായിരുന്നു എല്ലാവരും.
ഒടുവിൽ പുലർച്ചെയോടെ ചിറ്റ്‌വാനിലെത്തി. അവിടെ നിന്ന് പൊഖാറയിലേക്കും പിന്നീട് ലുംബിനിയിലേക്കും യാത്ര ചെയ്ത് അതിർത്തി കടന്നാണ് സംഘം ഇന്ത്യയിലെത്തിയത്.മിന്നൽ പ്രളയത്തിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെട്ടെത്തിയതിന്റെ ആശ്വാസവും, കണ്മുന്നിൽ കണ്ട ദുരന്തത്തിന്റെ നടുക്കവും ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലെന്ന് നാട്ടിലെത്തിയവർ പറഞ്ഞു.