August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ധനരാജിന്റെ പേര് ഇനി ഉച്ചരിക്കരുത്’; വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

SHARE

പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പയ്യന്നൂരില്‍ ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞുവെന്നും അത് ലഭിച്ചത് വി കുഞ്ഞികൃഷ്ണനാണെന്നും കെ കെ രാഗേഷ് പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയില്ലേയെന്നും കെ കെ രാഗേഷ് ചോദിച്ചു. കണ്ണൂരിലായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം.

 

ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിച്ചു എന്ന പേരും പറഞ്ഞ് വി കുഞ്ഞികൃഷ്ണന്‍ നുണ പ്രചരിപ്പിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തി. ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാല താമസം വന്നു എന്നത് ശരിയാണ്. തെറ്റ് തങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഫണ്ടുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ആരും വെട്ടിച്ചിട്ടില്ല. രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്ന ആളായി മധുസൂദനനെ കുഞ്ഞികൃഷ്ണന്‍ ചിത്രീകരിച്ചു. ധനരാജിനെ കൊന്നവരുമായി ഡീലുണ്ടാക്കി. ധനരാജിന്റെ പേര് ഇനി കുഞ്ഞികൃഷ്ണന്‍ ഉച്ചരിക്കരുതെന്നും രാഗേഷ് ആഞ്ഞടിച്ചു.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിശക് പറ്റി എന്നത് ശരിയാണ്. അത് തങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിശക്കുണ്ടായെന്ന് കേന്ദ്രം കമ്മറ്റി തന്നെ അംഗീകരിച്ചു. ജില്ലാ കമ്മറ്റി നടത്തിയ സ്വയം വിമര്‍ശനമാണ് കേന്ദ്ര കമ്മറ്റി അംഗീകരിച്ചത്. ഇടത് സ്ഥാനാര്‍ത്ഥിക്ക് എതിരെ നുണ പ്രചാരണം നടത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് അംഗീകരിച്ചു എന്നല്ലേ വരികയെന്നും രാഗേഷ് ചോദിച്ചു.

 

പയ്യന്നൂരില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ജനങ്ങള്‍ തള്ളിക്കളയും എന്ന് വിശ്വസിച്ചു. അതുകൊണ്ടാണ് ടി ഐ മധുസൂദനന്റെ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടുപോയത്. മധുസൂദനനെതിരെ കുഞ്ഞികൃഷ്ണന്‍ നുണപ്രചാരണം നടത്തി. അതിന് കോടതിയില്‍ വി കുഞ്ഞികൃഷ്ണനെ കൊണ്ട് മറുപടി പറയിപ്പിക്കും. രക്തസാക്ഷികളുടെ മണ്ണ് വി കുഞ്ഞികൃഷ്ണന്‍ ഒറ്റു കൊടുത്തുവെന്നും രാഗേഷ് വിമര്‍ശിച്ചു.