കൊച്ചി സിനഗോഗ് ആക്രമണം; പ്രതി എബിന് മൂവാറ്റുപുഴയില് ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന് കണ്ടെത്തല്

കൊച്ചി സിനഗോഗ് ആക്രമണ കേസ് പ്രതി എബിന് മൂവാറ്റുപുഴയില് ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന് കണ്ടെത്തല്. മൂവാറ്റുപുഴയിലെ ആക്രമണത്തിന്റെ ദൃശ്യങ്ങളും ബോസ് എന്ന് വിളിക്കുന്ന ആള്ക്ക് അയച്ചു നല്കിയിട്ടുണ്ട്. മൂവാറ്റുപുഴ യൂസ്ഡ് കാര് ഷോറൂമിന് നേരെയായിരുന്നു ആക്രമണം. ഇയാള് ആയുധങ്ങള് സംബന്ധിച്ച് ഇന്റര്നെറ്റില് തെരഞ്ഞതായും അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. കൂടുതല് വിശദാംശങ്ങള് തേടി ടെലഗ്രാമിന് പൊലീസ് കത്ത് നല്കിയിരിക്കുകയാണ്. തീവ്രവാദ ബന്ധമെന്ന സംശയത്തില് എബിന് പോളിനെ എന്ഐഎ വീണ്ടും ചോദ്യം ചെയ്യും.എബിനെ കസ്റ്റഡിയില് എടുത്ത് ഇയാളുടെ മൊബൈല് ഫോണ് പരിശോധിച്ചപ്പോഴാണ് നിര്ണായക വിരങ്ങള് ലഭിച്ചത്. ഇയാള് ആക്രമണം നടത്തിയ ദൃശ്യങ്ങള് അയച്ച് നല്കി ക്രിപ്റ്റോ കറന്സി വഴി പണം നേടിയിരുന്നതായാണ് വിവരം. കേസില് രൂപീകരിച്ച അന്വേഷണ സംഘം ഇന്നലെ എബിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില് വാങ്ങിയിരുന്നു. പിന്നാലെ ഇയാളെ ചോദ്യം ചെയ്തതിലും കൂടുതല് വിവരങ്ങള് ലഭിച്ചിരുന്നു. മൂവാറ്റുപുഴയിലും ആക്രമണം താനാണ് നടത്തിയതെന്ന് ഇയാള് കുറ്റസമ്മതം നടത്തുകയാണുണ്ടായത്. മറ്റ് ചില സ്ഥലങ്ങളില് ആക്രമണം നടത്തുന്നതിനുള്ള പരിശീലനമാണ് ഇവിടെ നടന്നതെന്നാണ് ഇയാള് വെളിപ്പെടുത്തിയത്.ആയുധങ്ങള് ഉള്പ്പെടെയുള്ളവ തിരഞ്ഞതില് കൂടുതല് ഡിജിറ്റല് തെളിവുകള് കണ്ടെത്തേണ്ടതുണ്ട്. ടെലിഗ്രാമില് നിന്ന് കൂടുതല് വിവരങ്ങള് കണ്ടെത്തി അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്ഐടി തീരുമാനിച്ചിരിക്കുന്നത്. ടെലിഗ്രാം ചാറ്റുകളാണ് പ്രധാനമായും ഇയാളുടെ ഫോണില് നിന്ന് ലഭിച്ചിരുന്നത്. ബോസ് എന്ന ആളുമായി ഇയാള് നിരന്തരം ചാറ്റുകള് നടത്തിയിരുന്നു. ബോസ് എന്ന ആള് വിദേശ പൗരനാണെന്ന് എന്ഐഎ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതല് വിവരശേഖരണത്തിന് ശേഷമാകും എന്ഐഎ ഇയാളെ ചോദ്യം ചെയ്യുക.

