സമൂഹമാധ്യമത്തിലൂടെ സർക്കാരിനെ വിമർശിച്ച ജീവനക്കാരെ പിരിച്ചുവിടാൻ നിർദേശം.

സമൂഹമാധ്യമത്തിലൂടെ സർക്കാരിനെ വിമർശിച്ച ജീവനക്കാരെ പിരിച്ചുവിടാൻ നിർദേശം. പിഎസ്സിയിലെ താത്കാലിക ഓഫീസ് അറ്റൻഡർമാർക്ക്(ഒഎ) എതിരെയാണ് നടപടി. 2017ന് ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അല്ലാതെ നിയമിച്ച മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാൻ പിഎസ്സി സെക്രട്ടറിയോട് സർക്കാർ നിർദേശിച്ചു. അതേസമയം ആരോഗ്യമന്ത്രി കെ മുരളീധരനെ അധിക്ഷേപിച്ച താത്കാലിക ഡ്രൈവറായ ബിജുവിനെ പിരിച്ചുവിടാനും ഉത്തരവിട്ടിട്ടുണ്ട്. പൊതുഭരണ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചു.
പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത് അസാധാരണ ഉത്തരവാണെന്ന ആരോപണം ഉയരുന്നുണ്ട്. ഈ മാസം 13നാണ് ജീവനക്കാർക്ക് എതിരെയുള്ള നടപടിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പിഎസ്സിയിലെ ചില താത്കാലിക ജീവനക്കാർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിമർശിക്കുകയും സമൂഹമാധ്യമങ്ങളിൽ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ആരോഗ്യമന്ത്രിയെ അപകീർത്തികരമായ രീതിയിൽ വിമർശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമർശനം ഉന്നയിച്ച താത്കാലിക ഡ്രൈവർ ബിജുവിനെ പിരിച്ചുവിടാൻ ഉത്തരവിൽ പേരെടുത്ത് പറയുന്നുണ്ട്.
ഇതിനൊപ്പം തന്നെയാണ് 2017ന് ശേഷം പിഎസ്സിയിൽ താത്കാലികമായി നിയമിച്ച ഒഎമാരെ മുഴുവൻ പിരിച്ചുവിടാനും നിർദേശിച്ചിരിക്കുന്നത്. ചില പ്രത്യേക സാഹചര്യത്തിലുണ്ടായ താത്കാലിക പ്രതിസന്ധികൾ കണക്കിലെടുത്ത് നിയമിച്ച ഒഎമാരെ മുഴുവൻ പിരിച്ചുവിടാനാണ് ഉത്തരവിൽ പറയുന്നത്. സർക്കാരിനെതിരെ അപകീർത്തികരമായ വിമർശനം നടത്തിയെന്ന കാരണമാണ് ഇവർക്കെതിരെയും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.

