യുവാക്കൾക്ക് ‘സ്മാര്ട്ട് ഡയറി ഫാം’ തുടങ്ങാൻ ധനസഹായം; കറവയന്ത്രത്തിനും, തൊഴുത്തിനും, 20 പശു യൂണിറ്റിനും വരെ സർക്കാർ സഹായം; ഓൺലൈനായി അപേക്ഷിക്കാം.

യുവാക്കൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ സുവർണാവസരം ഒരുക്കി ക്ഷീര വികസന വകുപ്പ്. യുവാക്കൾക്ക് സ്മാർട്ട് ഡയറി ഫാം തുടങ്ങാൻ മുതൽ ഫാമുകളുടെ ആധുനികവൽക്കരണത്തിന് വരെ സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ക്ഷീരവികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
നവംബർ ഏഴുവരെ ക്ഷീരവികസന വകുപ്പിന്റെ http://www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. മിൽക്ക് ഷെഡ് വികസനം , ഡയറി ഫാമുകളുടെ ശുചിത്വം മെച്ചപ്പെടുത്തൽ , ഫാമുകളുടെ ആധുനികവൽക്കരണം , യന്ത്രവൽക്കരണം എന്നിവയ്ക്കുള്ള പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.20, 10, 5, 2, 1 പശു യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾക്കും ഇപ്പോൾ അപേക്ഷിക്കാനാകും. യുവജനങ്ങൾക്കായി 10 പശുക്കളെ ഉൾപ്പെടുത്തിയുള്ള സ്മാർട്ട് ഡയറി ഫാം പദ്ധതിക്കും അപേക്ഷിക്കാം. കൂടാതെ മിൽക്കിങ് മെഷീൻ വാങ്ങുന്നതിനും തൊഴുത്ത് നിർമാണത്തിനുമുള്ള ധനസഹായത്തിനും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടാം.പശുവളർത്തൽ മികച്ച ലാഭസാധ്യതയുള്ളതും സ്ഥിരവരുമാനം നൽകുന്നതുമായ ഒരു ബിസിനസായി വളർന്നിട്ടുണ്ട്. മുൻകാലങ്ങളിൽ യുവാക്കൾ ചെയ്യാൻ മടിച്ചിരുന്ന ഈ ബിസിനസ്സിലേക്ക് ഇപ്പോൾ യുവാക്കളുടെ പ്രവാഹമാണ്.. വർദ്ധിച്ചുവരുന്ന പാൽ ആവശ്യകത തന്നെയാണ് പ്രധാന ആകർഷണം. സംസ്ഥാനത്ത് ആവശ്യമായ പാൽ ഉൽപാദനം നടക്കുന്നില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് പാൽ കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇതിനു പുറമെ സർക്കാരിൽ നിന്നുള്ള പിന്തുണയും അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു.
കേരളത്തിൽ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ പാലിന്റെ ആവശ്യമുണ്ട്. പ്രാദേശിക ഉൽപ്പാദനം കൊണ്ട് മാത്രം ഈ ആവശ്യത്തെ പൂർണ്ണമായി നികത്താൻ കഴിയുന്നില്ലൽ ഇക്കാരണത്താൽ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. പാൽ വിൽക്കുന്നതിന് പുറമെ തൈര്, വെണ്ണ, നെയ്യ്, പനീർ, പേഡ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിറ്റാൽ ഇരട്ടി ലാഭം നേടാനുള്ള സാധ്യതയും ഇന്ന് കൂടുതലാണ്.

