November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

ഇംപീച്ച്‌മെന്റ്‌ നീക്കവുമായി ഡെമോക്രാറ്റുകൾ; ഔദ്യോ​ഗിക വസതി ദേശീയ സ്മാരകമാക്കി ട്രംപ്, ഇറാനെതിരെ യുദ്ധപ്രഖ്യാപനവും

SHARE

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിലെ വൻ കുതിപ്പിന് ശേഷം പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റുകൾ. ഇറാൻ യുദ്ധത്തിന് നേതൃത്വം നൽകിയ തീവ്ര വലതുപക്ഷക്കാരനായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെയും ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും.

അതേ സമയം തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസും കാബിനറ്റ് റൂമും ദേശീയ സ്മാരകങ്ങളായി സംരക്ഷിക്കുന്നതിനുള്ള പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവെച്ചു. ഭാവിയിൽ അധികാരത്തിലെത്തുന്ന പ്രസിഡന്റുമാർക്ക് ഈ മുറികളിൽ മാറ്റങ്ങൾ വരുത്തുന്നത് തടയുകയാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം.

വൈറ്റ് ഹൗസിൽ അധികാരമേറ്റതിന് പിന്നാലെ ഓവൽ ഓഫീസിൽ സ്വർണനിറത്തിലുള്ള അലങ്കാരങ്ങളും ചിത്രങ്ങളും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ ട്രംപ് വരുത്തിയിരുന്നു. ഇവ അതേപടി നിലനിർത്താനാണ് ഇത്തരമൊരു നീക്കം ട്രംപ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത് ഇറാൻ യുദ്ധമാണെന്ന്‌ സമ്മതിച്ച ട്രംപ്, വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇറാനെതിരായ യുദ്ധത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ഇറാന്റെ ആണവപദ്ധതി പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തവിധം അവസാനിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളും തകർക്കേണ്ടിവരുമെന്നും പറഞ്ഞ ട്രംപ് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഉടൻ അറിയാമെന്നും മുന്നറിയിപ്പ് നൽകുന്നു. പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിച്ച് ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെന്റ് നീക്കങ്ങളെ തോൽപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ബിസിനസ് ഇടപാടുകൾ, വിദേശ രാജ്യങ്ങളിലെ സാമ്പത്തിക ബന്ധം, കോർപറേറ്റ് അഴിമതി എന്നിവ അന്വേഷിക്കുക, ട്രംപ്‌ പൂഴ്‌ത്തിവയ്‌ക്കാൻ ശ്രമിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഫയലുകൾ പുറത്തുവിടുക എന്നിവയാണ് ഡെമോക്രാറ്റുകൾ മുന്നോട്ട് വെക്കുന്നത്. പണപ്പെരുപ്പം കുറയ്‌ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള നടപടികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ഡെമോക്രാറ്റുകൾ തീരുമാനിച്ചിട്ടുണ്ട്.