November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

ഫോര്‍ട്ട് കൊച്ചിക്കെതിരായ വിദ്വേഷ പരാമര്‍ശം; യുപി ഇന്‍ഫ്‌ളുവന്‍സര്‍ക്ക് മുന്‍കൂര്‍ ജാമ്യം

SHARE

ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയെക്കുറിച്ചും മുസ്‌ലിം സമുദായത്തെക്കുറിച്ചും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അമൃത് സിങ്ങിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നവംബര്‍ ആറിനാണ് സെഷന്‍സ് ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ വിദ്വേഷ യൂട്യൂബര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുന്‍കാല ക്രിമിനല്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഉചിതമായ ജാമ്യവ്യവസ്ഥകള്‍ മതിയാകുമെന്നും കോടതി നിരീക്ഷിച്ചു.പ്രതിക്കെതിരെ ഉന്നയിച്ച എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ ആവശ്യമായ വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

ഒക്ടോബര്‍ 24ന് ഫോര്‍ട്ട് കൊച്ചി പൊലീസാണ് അമൃത് സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 353(2), 192 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. മതസമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന തരത്തില്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് 353(2)ാം വകുപ്പ്. കലാപത്തിന് കാരണമായേക്കാവുന്ന പ്രകോപനം സൃഷ്ടിക്കുന്നതിനെയാണ് 192ാം വകുപ്പ് കൈകാര്യം ചെയ്യുന്നത്.

 

വീഡിയോയിലൂടെ മതസമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും വര്‍ഗീയ അസ്വാരസ്യങ്ങളും വളര്‍ത്താനും പൊതുജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ഭയന്നാണ് അമൃത് സിങ് സെഷന്‍സ് കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടിയത്.വിനോദസഞ്ചാരിയായാണ് താന്‍ കേരളത്തിലെത്തിയതെന്നും സന്ദര്‍ശിച്ച സ്ഥലങ്ങളെയും അവിടെയുണ്ടായ അനുഭവങ്ങളെയും കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളും അനുഭവങ്ങളുമാണ് വീഡിയോയില്‍ പങ്കുവെച്ചതെന്നുമായിരുന്നു അമൃത് സിങ്ങിന്റെ വാദം.

വീഡിയോ ഒരു യാത്രാവിവരണം മാത്രമാണെന്നും ഏതെങ്കിലും മതസമുദായത്തെ ലക്ഷ്യംവെച്ചുള്ളതല്ലെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. വീഡിയോ പുറത്തുവന്നതിന്റെ പേരില്‍ അക്രമസംഭവങ്ങളോ പൊതുജനങ്ങള്‍ക്ക് അപമാനമുണ്ടാകുന്ന സംഭവങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

 

അതേസമയം, അമൃത് സിങ്ങിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.കേരളത്തിലെത്തിയതിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്തായിരുന്നുവെന്നും സമാനമായ മറ്റ് വീഡിയോകള്‍ ഇയാള്‍ ചിത്രീകരിക്കുകയോ മറ്റെവിടെയെങ്കിലും സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഉണ്ടായതായും ഇത് വര്‍ഗീയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സ്വാധീനിക്കാനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതിക്ക് സാധ്യതയുണ്ടെന്നും അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയേക്കാമെന്നും പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേള്‍ക്കുകയും കേസ് രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് കൃത്യമായ ജാമ്യവ്യവസ്ഥകളിലൂടെ പരിഹാരം കാണാമെന്നും കോടതി നിരീക്ഷിച്ചു. നവംബര്‍ 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശമുണ്ട്.