മാതാവിന് സ്വർണ്ണകിരീടം ചാർത്തുന്നവർ മോദിയോട് മണിപ്പൂരിലേക്ക് വരാൻ പറയണം’; സുരേഷ് ഗോപിക്കെതിരെ കെ.സി വേണുഗോപാൽ

1 min read
SHARE

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മാതാവിന് സ്വർണ്ണകിരീടം ചാർത്തുന്നവർ മോദിയോട് മണിപ്പൂരിലേക്ക് വരാൻ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനുള്ള ആർജ്ജവവും ധൈര്യവും സുരേഷ് ഗോപി കാണിക്കണമെന്നും കെ.സി വേണുഗോപാൽ.ഭാരത് ജോഡോ ന്യായ് യാത്രയിലെ രാഹുൽ ഗാന്ധിയുടെ ബസിനെതിരായ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പൊതുപണം കൊണ്ടല്ല രാഹുലിന്റെ ബസ് നിർമിച്ചത്. ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യാനാണ് ബസിനു മുകളിൽ പ്ലാറ്റ്ഫോം ഉണ്ടാക്കിയതെന്നും, എം.ബി രാജേഷ് രാഹുൽ ഗാന്ധിയുടെ ബസ് വന്ന് കാണണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

 

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയും കുടുംബവും തൃശൂർ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയിരുന്നു. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി ദേവാലയത്തിന് സ്വർണ കിരീടം സമ്മാനിച്ചത്. നാളെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദിയും പങ്കെടുക്കും.