വനം വകുപ്പ് വാച്ചർ ജോലിക്കിടെ മരിച്ചു
1 min read

മറയൂർ (ഇടുക്കി): മൂന്നാൽ വൈൽഡ് ലൈഫ് ഡിവിഷനിലെ ചിന്നാർ വന്യജീവി സങ്കേതത്തിൽ വനം സംരക്ഷണ ജോലിക്കിടെ വാച്ചർ മരിച്ചു. മറയൂർ പുതുക്കുടി ആദിവാസി കോളനയിലെ ജയരാജ് (24) ആണ് വനത്തിനുള്ളിൽ മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ വാഴത്തുറ ഭാഗത്തായിരുന്നു ജയരാജ് ജോലി ചെയ്തിരുന്നത്. പുലർച്ചെ അഞ്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി സമീപത്തുള്ള വാച്ചറെ അറിയിക്കുക ആയിരുന്നു. പിന്നീട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ വാഹനം ആലാംപെട്ടിയിൽ എത്തിച്ചു. അവിടെ നിന്ന് സഹായഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. വനമേഖലക്കുള്ളിൽ മരണം സംഭവിച്ചതിനാൽ മറയൂർ പൊലീസിൽ വിവരം അറിയിക്കുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പിതാവ്: രാമദാസ്, മാതാവ്: ഭൂപതി.
