ഛേത്രിയില്ലാത്ത ഇന്ത്യ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ
1 min readദോഹ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനിൽ ഛേത്രിയില്ലാതെ ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു. കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന മത്സരത്തിലാണ് ഇന്ത്യൻ ഫുട്‍ബോളിന്റെ യുഗ പുരുഷനായ ഛേത്രി ബൂട്ടഴിച്ചത്. സുനിൽ ഛേത്രിക്ക് പകരം ഗോൾ കീപ്പർ ഗുർപീന്ദർ സിങാണ് ടീമിനെ നയിക്കുക. യോഗ്യതാ റൗണ്ടിലെ ഏറ്റവും കടുത്ത മത്സരമാണ് ഖത്തറിനെതിരെയുള്ളത്. ഈ മത്സരം വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാനാവൂ, ഇന്ന് വിജയിച്ചാൽ അടുത്ത ഏഷ്യൻ കപ്പിനും ഇന്ത്യൻ ടീമിന് നേരിട്ട് യോഗ്യത നേടാം. ഖത്തർ ഇതിനകം തന്നെ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. നിലവിൽ ഖത്തറിന് പിന്നിൽ ഗ്രൂപ്പിൽ രണ്ടാമതാണ് ഇന്ത്യ. മൂന്നാമതുള്ള അഫ്‌ഗാനിസ്ഥാനും ഇന്ത്യയ്ക്കും അഞ്ചു പോയിന്റാണുള്ളത്. ഗോൾ വ്യത്യാസത്തിന്റെ നേരിയ ആനുകൂല്യത്തിലാണ് ഇന്ത്യ രണ്ടാമത് നിൽക്കുന്നത്. എന്നാൽ ഖത്തറിനെതിരെയുള്ള തോൽവി ഇന്ത്യയെ രണ്ടാം റൗണ്ടിൽ നിന്ന് പുറത്താക്കും. സമനിലയായാൽ അഫ്ഗാൻ-കുവൈത്ത് മത്സരമാവും മൂന്നാം റൗണ്ടിലേക്കുള്ള സാധ്യത നിർണ്ണയിക്കുക. അഫ്ഗാൻ സമനിലയിലൊതുങ്ങുകയാണെങ്കിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ മൂന്നാം റൗണ്ടിലേക്ക് മുന്നേറും. അഫ്ഗാൻ വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പകരം അഫ്‌ഗാനായിരിക്കും മൂന്നാം റൗണ്ടിലേക്ക് മാർച്ച് ചെയ്യുക. മുന്നേറ്റ നിരയിൽ ഗോൾ അടിക്കാൻ ഛേത്രിക്ക് പകരക്കാരനെ കണ്ടെത്തുകയാണ് ഇന്ത്യയുടെ ഏറ്റവും വെല്ലുവിളി. രണ്ട് പതിറ്റാണ്ടുകളായി ഛേത്രിയുടെ സ്‌കോറിങ് റോളിൽ പല താരങ്ങളെ മാറി മാറി പരീക്ഷിച്ചു നോക്കിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 151 അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് 94 ഗോളുകൾ നേടിയ ഛേത്രി സജീവമായി കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പട്ടികയിൽ മെസ്സിക്കും ക്രിസ്റ്റാനോയ്ക്കും മാത്രം പിന്നിൽ മൂന്നാം സ്ഥാനത്തുണ്ട്.