July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 12, 2026

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

SHARE

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ അതിജീവിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ എന്നിട്ടും എസ്‌ഐടി അന്വേഷണവുമായി സഹകരിച്ചില്ല. തുടര്‍ന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മൊഴി നല്‍കാന്‍ ആരെയും എസ്‌ഐടി നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കി. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനായി എസ്‌ഐടിയുടെ നോഡല്‍ ഏജന്‍സി പ്രവര്‍ത്തനം തുടരണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട നിയമം തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന നിയമത്തിന് സമാനമാകരുത്. പുതിയ നിയമം നിലവില്‍ വരുന്നതുവരെ കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് ആദ്യവാരം നടത്താന്‍ നിശ്ചയിച്ച സിനിമാ കോണ്‍ക്ലേവിന് ശേഷം നയം രൂപീകരിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിര്‍ദ്ദിഷ്ട നിയമത്തിന്റെ കരട് തയ്യാറാക്കിയ ശേഷം അറിയിക്കണമെന്നാണ് ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിഎസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പരാതിയുമായി പലരും രംഗത്തുവന്നിരുന്നു. ചില മൊഴികള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. പരാതികള്‍ കൂടിയതോടെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നത്.