November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

പ്രസംഗിക്കാന്‍ അനുവദിക്കാത്തതിന് സൗണ്ട് സ്റ്റാഫിനെ കൈയേറ്റം ചെയ്‌തെന്ന പരാതി; കോണ്‍ഗ്രസ് MLAയ്‌ക്കെതിരെ കേസ്.

SHARE

ഡെറാഡൂണ്‍: ചരിത്രപ്രസിദ്ധമായ ജൗല്‍ജിബി മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് സൗണ്ട് സ്റ്റാഫിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ കേസ്. എംഎല്‍എ ഹരീഷ് സിങ് ധാമി അടക്കം ആറ് പേര്‍ക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോശം ഭാഷ ഉപയോഗിച്ചു, സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തി, രംഗം ശാന്തമാക്കാനെത്തിയ പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം വൈകിട്ട് പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ജൗല്‍ജിബി പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് ഇവര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹരീഷ് സിങ് ധാമി, രാം സിങ് റൊകായ, സൗരഭ് മാര്‍ട്ടോലിയ, നൃപ് സിങ്, മനോഹര്‍ ടോലിയ, വിക്രം ദാനു എന്നിവര്‍ക്കെതിരെ 121(1), 132, 191(2), 324(3), 352 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടന്നുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ഗണേഷ് ഗോഡിയാല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജനാധിപത്യ മര്യാദകള്‍ ബിജെപി സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ‘സ്വന്തം മണ്ഡലത്തിലെ ഒരു ചരിത്ര പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രാദേശിക പ്രതിനിധിയെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും അദ്ദേഹത്തിന്റെ മൈക്രോഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തത് പൂര്‍ണ്ണമായും ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ്,’ ഗോഡിയാല്‍ പ്രസ്താവനയില്‍ പറഞ്ഞു.എംഎല്‍എയ്ക്ക് സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചത് നിയമസഭാംഗത്തോടുള്ള അവഹേളനം മാത്രമല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്ന ജനങ്ങളെ അപമാനിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തുവെന്ന ആരോപണത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചില്ല.