ഉഗാണ്ടയ്‌ക്കെതിരെ 5.2 ഓവറില്‍ കളി തീര്‍ത്തു; കിവീസിന് ആശ്വാസ വിജയം

1 min read
SHARE

ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ആശ്വാസ വിജയം. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് കിവികളുടെ വിജയം. ഉഗാണ്ടയെ 18.4 ഓവറില്‍ വെറും 40 റണ്‍സിന് എറിഞ്ഞൊതുക്കിയ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. സൂപ്പര്‍ എയ്റ്റിന് യോഗ്യത നേടാനാവാതെ കിവികള്‍ നേരത്തെ പുറത്തായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനോടും അഫ്ഗാനിസ്ഥാനോടും പരാജയം വഴങ്ങേണ്ടി വന്നതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഉഗാണ്ടയെ ബൗളിങ്ങിനയയ്ക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ബൗളിങ്ങിന്റെ കരുത്തിന് മുന്നില്‍ തുടക്കം മുതല്‍ കുഞ്ഞന്മാരായ ഉഗാണ്ടയ്ക്ക് പിഴച്ചു. ഉഗാണ്ട നിരയില്‍ ഒരു താരവും പത്തിലധികം റണ്‍സ് നേടിയില്ല. ഒരൊറ്റ താരം മാത്രമാണ് രണ്ടക്കം കടന്നത്. 11 റണ്‍സെടുത്ത കെന്നത് വൈസ്വയാണ് ടോപ് സ്‌കോറര്‍. നാല് താരങ്ങള്‍ പൂജ്യത്തില്‍ പുറത്തായി. പന്തെറിഞ്ഞ അഞ്ച് ബൗളര്‍മാരും വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടിം സൗത്തിയാണ് ഉഗാണ്ടയെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. മിച്ചല്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയും രണ്ട് വിക്കറ്റുകള്‍ തന്നെ വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍ ഒരു വിക്കറ്റെടുത്തു. വളരെ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവികള്‍ക്ക് ഓപ്പണര്‍ ഫിന്‍ അല്ലന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. താരം 9 റണ്‍സെടുത്ത് പുറത്തായി. 22 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും ഒരു റണ്ണുമായി രചിന്‍ രവീന്ദ്രയും പുറത്താകാതെ നിന്നു.