April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

മലയാള സിനിമയുടെ മഹാനടൻ, സത്യൻ മാഷിന്റെ ഓർമകൾക്ക് 53 വയസ്സ്

1 min read
SHARE

മലയാളത്തിന്റെ മഹാനടൻ, നായക സങ്കൽപങ്ങളെ തിരുത്തിയെഴുതിയ സത്യൻ മാഷിന്റെ ഓർമകള്‍ക്ക് 53 വയസ്സ്. പകരം വെയ്ക്കാനില്ലാത്ത അഭിനയ പാടവം കൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ സത്യനേശൻ നാടാരെന്ന സത്യൻ മലയാള സിനിമയുടെ അമരക്കാരനാവുന്നത്. പൊലീസുകാരനായി ജീവിതം ആരംഭിച്ചുവെങ്കിലും സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരുമായുള്ള പരിചയം ഒരു നിയോഗമായി. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിനൊപ്പം ആ മഹാനടനും വളർന്നു. നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ച് സൂപ്പര്‍താര പദവിയിലെത്തിയ സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 53 വര്‍ഷം. ആദ്യ സിനിമ ത്യാഗ സീമയാണ്. വെളിച്ചം കണ്ടില്ലെങ്കിലും പിന്നീടിറങ്ങിയ ആത്മസഖി സത്യൻറെ സിനിമാ ജീവിതത്തിൽ നാഴികകല്ലായി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാമു കാര്യാട്ട്- പി ഭാസ്‍കരൻ കൂട്ടുക്കെട്ടിൽ പിറന്ന ‘നീലക്കുയിലി’ല്‍ ശ്രീധരൻ പിള്ളയുടെ അസാധ്യ പ്രകടനത്തിന് ദേശീയ അവാർഡ്. മലയാള സിനിമയില്‍ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സത്യനായിരുന്നു. ‘കടല്‍പ്പാലം’ എന്ന സിനിമയിലൂടെയാണ് സത്യൻ മികച്ച നടനായത്.

                 ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാള്‍, താരപദവികള്‍ക്കപ്പുറം നടന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി. സിദ്ധി കൊണ്ട്, തനിമ കൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടങ്ങള്‍ നേടിയെടുത്ത നടന്‍. ഇങ്ങനെ നീളുന്നു മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാളായ സത്യന്റെ വിശേഷണങ്ങള്‍. അഴകുള്ള ആകാരം കൊണ്ടല്ല, ഇന്നത്തെ നായക സങ്കല്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. ആസ്വാദക മനസ്സ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് അദ്ദേഹം തെളിയിച്ചു.

നീലക്കുയിലിലെ ശ്രീധരന്‍നായര്‍, തച്ചോളി ഒതേനന്‍, ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രഫസര്‍ ശ്രീനിവാസന്‍, മൂലധനത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് രവി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ അങ്ങനെ സത്യന്‍റെ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഇന്നും അനശ്വരമായി നിലകൊള്ളുന്നു. പച്ചയായ ജീവിത മുഹൂർത്തങ്ങൾ അനായാസേന അഭിനയിച്ച് ഫലിപ്പിക്കാൻ കഴിഞ്ഞത് സത്യനെ സ്വീകാര്യനാക്കി. സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ കാന്‍സറാണ് മഹാപ്രതിഭയുടെ ജീവൻ കവർന്നത്.