കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ഒരാഴ്ചക്കിടെ മൂന്ന് കടകളിൽ മോഷണം
1 min readകടവത്തൂർ: കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ്, ഒരാഴ്ചയ്ക്ക് ശേഷം കടവത്തൂരിലെ കടകളിൽ വീണ്ടും മോഷണം. പുലർച്ചെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ടൗണിലെ മെട്രോ ഫാൻസി ഫൂട്ട് വെയർ ഷോപ്പിലും, തൊട്ടടുത്ത ഡാസിൽ ഫാൻസിയിലുമാണ് കള്ളൻ കയറിയത്. പുറത്തെ ചില്ല് വാതിലും ഷട്ടറും തകർത്തിരുന്നു. മെട്രോ ഷോപ്പിൽ നിന്ന് പതിനയ്യായിരം രൂപ നഷ്ടപ്പെട്ടതായി പറയുന്നു. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ മോഷ്ടാവ് ബൈക്കിലെത്തിയതായികാണുന്നുണ്ട്. മുഖവും ശരീരവും മറച്ച നിലയിലാണ്. ദൃശ്യങ്ങളിൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. വാഹനത്തിൻ്റെ ചിത്രം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച കടവത്തൂരിലെ ഔദ ഫാൻസി ആൻ്റ് ഫൂട്ട് വെയറിലും കള്ളൻ കയറിയിരുന്നു. ഷട്ടറിൻ്റെയും ഉള്ളിലെ ഗ്ലാസ് ഡോറിൻ്റെയും പൂട്ട് പൊട്ടിച്ചാണ് കള്ളൻ അകത്ത് കയറിയത്. മേശവലിപ്പിലുണ്ടായിരുന്ന 2000 രൂപക്ക് പുറമെ ബാഗിലുണ്ടായിരുന്ന 29,000 രൂപയും മോഷണം പോയി. രണ്ട് മാസം മുൻപ് എ.ടി.എം. കൗണ്ടർ തകർത്ത സംഭവവുമുണ്ടായി. ഈ കേസിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. മേഖലയിൽ മോഷണം പതിവാകുന്നത് നാട്ടുകാരെ ഭീതിയിലാക്കി യിരിക്കുകയാണ്. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തിഅന്വേഷണം തുടങ്ങി.