അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഗൗതം ഗംഭീർ
1 min readദില്ലി: മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച്ച ദില്ലിയിലായിരുന്നു കൂടിക്കാഴ്ച. ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്ന അഭ്യൂഹത്തിനിടെ ആണ് കൂടിക്കാഴ്ച്ച. തെരഞ്ഞെടുപ്പ് ജയത്തിൽ അമിത് ഷായെ അഭിനന്ദിച്ചതായി ഗംഭീർ പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ നേതൃത്വം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു. ബിജെപിയുടെ മുൻ എംപിയായിരുന്നു ഗംഭീർ. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേറ്റേക്കും. പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗൗതം ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫായി താന്‍ നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍വെച്ച പ്രധാന ഉപാധി. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവര്‍ രാഹുല്‍ ദ്രാവിഡിനൊപ്പം സ്ഥാനമൊഴിയും. രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോഴാണ് സഞ്ജയ് ബംഗാറിന് പകരം വിക്രം റാത്തോഡ് ബാറ്റിംഗ് പരിശീലകനായി എത്തിയത്. പിന്നീട് ദ്രാവിഡ് പരിശീലകനായപ്പോഴും റാത്തോഡ് സ്ഥാനത്ത് തുടര്‍ന്നു. ഇവരെയാണ് ഗംഭീര്‍ മാറ്റണമെന്ന് ഉപാധി മുന്നോട്ടുവെച്ചത്. സപ്പോര്‍ട്ട് സ്റ്റാഫില്‍ മാത്രമല്ല, ടീമിലും ചില മാറ്റങ്ങള്‍ ഗംഭീര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായിരുന്ന ഗംഭീര്‍ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടത്.