കോഹ്‍ലിക്ക് വേണ്ടി ഹിറ്റ്മാന്റെ പ്രതികാരം; തൻസിം ഹസന് മറുപടി

1 min read
SHARE

ട്വന്റി 20 ലോകകപ്പിൽ ബം​ഗ്ലാദേശിനെ തോൽപ്പിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാൽ മത്സരത്തിനിടയിലെ ചില രം​ഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. മത്സരത്തിൽ ഇന്ത്യൻ‌ സൂപ്പർ താരം വിരാട് കോഹ്‍ലി 37 റൺസെടുത്ത് പുറത്തായി. താരത്തെ പുറത്താക്കിയ ബം​ഗ്ലാദേശ് പേസർ തൻസിം ഹസന്റെ വിക്കറ്റ് ആഘോഷം അതിരുവിട്ടതായി ആരാധകർ ചൂണ്ടിക്കാട്ടി. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മറുപടിയുമായി വന്നു.

ബം​ഗ്ലാദേശ് ഓപ്പണർ ലിട്ടൺ ദാസ് പുറത്തായപ്പോഴാണ് രോഹിത് ശർമ്മ തൻസിം ഹസന് സമാനമായി വിക്കറ്റ് ആഘോഷം നടത്തിയത്. ഇത് വിരാട് കോഹ്‍ലിക്കുവേണ്ടിയുള്ള ഹിറ്റ്മാന്റെ പ്രതികാരമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും മത്സരത്തിൽ അന്തിമ ആഘോഷം നടത്തിയത് ഇന്ത്യൻ ടീമായിരുന്നു. 50 റൺസിനാണ് ബം​ഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. ഹാർദ്ദിക്ക് പാണ്ഡ്യയുടെ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ബം​ഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസിലെത്താനെ സാധിച്ചുള്ളു. കുൽദീപ് യാദവ് മൂന്നും ജസ്പ്രിത് ബുംറ, അർഷ്ദീപ് സിം​ഗ് എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.