ഒ ആർ കേളു ഇനി മന്ത്രി; സത്യപ്രതിജ്ഞ ചെയ്തു
1 min readതിരുവനന്തപുരം: മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിനെത്തി. കേരള മന്ത്രിസഭയുടെ ചരിത്രത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. നേരത്തെ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള പി കെ ജയലക്ഷ്മി യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് ജയിക്കുകയും മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തതോടെയാണ് ഒ ആർ കേളുവിനെ മന്ത്രിയായി തിരഞ്ഞെടുത്തത്. പട്ടിക ജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎൽഎമാർ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.