മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഫോടനം ട്രയൽ നടത്തിയെന്ന് സംശയം, കണ്ടെത്തിയത് പത്തോളം ജലാറ്റിൻ സ്റ്റിക്കുകൾ
1 min readകൽപ്പറ്റ: മക്കിമലയിൽ നേരത്തെ തന്നെ മാവോയിസ്റ്റുകൾ ഐഇഡി ട്രയൽ നടത്തിയെന്ന് സംശയം. സമീപത്ത് കണ്ടെത്തിയ പഴകിയ ജലാറ്റിൻ സ്റ്റിക്കുകൾ സ്ഫോടനത്തിന്റെ ബാക്കിയെന്നാണ് നിഗമനം. വെടിമരുന്ന് കലർന്ന നിലയിൽ കണ്ടെത്തിയ കടലാസുകളിൽ ചിലത് മാവോയിസ്റ്റ് ലഘുലേഖകളാണെന്നും അധികൃതർ പറയുന്നു. ഓടക്കോടാണ് പഴകിയ പത്ത് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കിയ ബോംബിന് 50 മീറ്റർ ദൂരത്തായിരുന്നു ഇത്. വെടിമരുന്ന് കലർന്ന പത്രങ്ങൾ കണ്ണൂർ എഡിഷൻ 2023 ഡിസംബർ 15, മെയ് 15 തീയതികളിലേതാണ്. ബോംബ് ഒരുക്കിയ സ്റ്റീൽ പാത്രത്തിൽ വെള്ളാരം കല്ലുകളും കണ്ടെത്തി. മാവോയിസ്റ്റുകളുടെ ഗറില്ലാ മുറകളിലൊന്നാണ് ബോംബുകൾ കുഴിച്ചിട്ട് അപായപ്പെടുത്തൽ.ആറളം കാടുകളിൽ തമ്പടിക്കാറുനുള്ള മാവോയിസ്റ്റുകൾ ജനവാസ മേഖലയിൽ വരുമ്പോൾ വീടുകളിൽ നിന്ന് പത്രമെടുക്കാറുണ്ട്. അങ്ങനെ കയ്യിലെത്തിയതാകാം ഇവ. കബനി ദളത്തിന് സന്ദേശങ്ങളെത്തുന്നത് കണ്ണൂർ വഴിയാണ്. ഇതേ കൂറിയർ എത്തിച്ചതാണോ സ്ഫോടക ശേഖരമെന്നൊരു സംശയമുണ്ട് പൊലീസിന്. തിരുച്ചിറപ്പള്ളിയിലെ വെട്രിവേൽ എക്പ്ലോസീവ് എന്ന എഴുത്തുണ്ട് കണ്ടെത്തിയ സ്ഫോടക ശേഖരത്തിൽ. വെടിമരുന്നായതിനാൽ, വിൽക്കുമ്പോൾ കൃത്യമായ രജിസ്റ്റർ സ്ഥാപനങ്ങൾ സൂക്ഷിക്കും.
സ്ഫോടക ശേഖരത്തിൻ്റെ ബാച്ച് നമ്പർ ഒത്തുനോക്കി, വിശദാംശങ്ങൾ എടുക്കാനാകും. അന്വേഷണ ഏജൻസികൾ ഈ വഴിക്കും നീങ്ങുന്നു.
ബോംബ് സക്വാഡ് പരിശോധിക്കുമ്പോൾ, കമിഴ്ത്തിയ നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ നിറച്ച സ്റ്റീൽ പാത്രം. അകത്ത് സൺ 90 എന്നെഴുതിയ എട്ട് ജലാറ്റിൻ സ്റ്റിക്കുകൾ, 4 ഇലകട്രിക് ഡിറ്റനേറ്ററുമായി ബന്ധിച്ച നിലയിൽ. അകത്ത് വെള്ളാരം കല്ലുകളിട്ടുണ്ട്. ആണിയും നട്ടും ബോൾട്ടുമെല്ലാമുണ്ട്. സ്ഫോടനമുണ്ടാകുമ്പോൾ ആഘാതം ഒട്ടും കുറയാതിരിക്കാനാണ് ഇവ്വിധം ബോംബ് ഒരുക്കാറെന്നാണ് വിദ്ഗധർ.