കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നതിൽ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി; ‘ശിക്ഷ അവരുടെ നന്മയെ കരുതി’

1 min read
SHARE

കൊച്ചി: കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ  ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി.എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാവൂ. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം കോടനാട് സ്കൂളിലെ അധ്യാപകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.