ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം; നടപടി എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ

1 min read
SHARE

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ ജയരാജിന് അടിയന്തര സ്ഥലം മാറ്റം. വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റം. യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി.

കൊല്ലം സ്വദേശിയായ പി കെ ജയരാജന്‍ ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതേയുള്ളു. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കൈവശം വെച്ചതിന് കനിവിനെ ഒന്‍പതാം പ്രതിയാക്കി എക്‌സൈസ് കേസെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കേസ്.സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറില്‍ പറയുന്നു. കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവില്‍ വീട്ടില്‍ ജെറിന്‍ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടില്‍ ജോസഫ് ബോബന്‍ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടില്‍ സഞ്ജിത്ത് (20), അഖിലം വീട്ടില്‍ അഭിഷേക് (23), തൈച്ചിറയില്‍ വീട്ടില്‍ ബെന്‍സന്‍, കാളകെട്ടും ചിറ വീട്ടില്‍ സോജന്‍ (22) എന്നിവര്‍ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്.