January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 18, 2025

പ്ലസ് വൺ ഏകജാലകം: അപേക്ഷ ജൂൺ രണ്ടു മുതൽ ഒമ്പതു വരെ

1 min read
SHARE

എസ്എസ്എല്‍സിക്ക് ശേഷം ഉപരിപഠനത്തിനായി കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് ഹയര്‍സെക്കന്‍ഡറി കോഴ്‌സാണ്. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വോട്ട ഒഴികെയുള്ള സീറ്റുകളിലേക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകജാലക രീതിയിലാണ് പ്രവേശനം.

മാനേജ്‌മെന്റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് ക്വോട്ട സീറ്റുകളിലേക്ക് സ്‌കൂള്‍തലത്തില്‍ അപേക്ഷ സമര്‍പ്പിച്ചുള്ള പ്രവേശന രീതിയാണ്. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്‌പെക്ടസും പ്രവേശന പോര്‍ട്ടലായ https://hscap.kerala.gov.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ രണ്ടു മുതല്‍ ഒമ്പതു വരെ www.admission.dge.kerala.gov.in വഴി നടത്താം. ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 13നും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19നും നടത്തും

  • പ്രവേശന യോഗ്യത

എസ്.എസ്.എല്‍.സി (കേരള സിലബസ്), സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി സ്‌കീമുകളില്‍ പരീക്ഷ ജയിച്ചവര്‍ക്കും മറ്റു സംസ്ഥാനങ്ങള്‍/ രാജ്യങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സിക്ക് തുല്യമായ പരീക്ഷ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തത്തുല്യ മാര്‍ക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം.

ഗ്രേഡിങ് രീതിയിലുള്ള മൂല്യനിര്‍ണയം നിലവിലില്ലാത്ത സ്‌കീമുകളില്‍ പരീക്ഷയെഴുതിയവരുടെയും മാര്‍ക്കുകള്‍ ഗ്രേഡാക്കി മാറ്റിയ ശേഷമാകും പരിഗണിക്കുക. അപേക്ഷകര്‍ക്ക് 2023 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. 20 വയസ്സ് കവിയരുത്. കേരളത്തിലെ പൊതുപരീക്ഷ ബോര്‍ഡില്‍നിന്ന് എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് കുറഞ്ഞ പ്രായപരിധിയില്ല.

മറ്റ് ബോര്‍ഡുകളുടെ പരീക്ഷകള്‍ ജയിച്ചവര്‍ക്ക് കുറഞ്ഞ പ്രായപരിധിയിലും ഉയര്‍ന്ന പ്രായപരിധിയിലും ആറു മാസംവരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇളവ് അനുവദിക്കാം. കേരളത്തിലെ പൊതുപരീക്ഷ ബോര്‍ഡില്‍നിന്ന് എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ആറു മാസംവരെ ഇളവ് അനുവദിക്കാന്‍ ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അധികാരമുണ്ട്.

പട്ടികജാതി/വര്‍ഗ വിഭാഗ അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ടു വര്‍ഷംവരെ ഇളവ് അനുവദിക്കും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവര്‍ക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.

  • കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം

www.admission.dge.kerala.gov.inലെ ‘Click for Higher Secondary Admission’ എന്നതിലൂടെ ഹയര്‍സെക്കന്‍ഡറി പ്രവേശന പോര്‍ട്ടലില്‍ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം. മൊബൈല്‍ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്‌വേഡ് നല്‍കി സൃഷ്ടിക്കുന്ന കാന്‍ഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും അപേക്ഷ സമര്‍പ്പണവും തുടര്‍ പ്രവേശന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്.

അപേക്ഷ സമര്‍പ്പണം, പരിശോധന, ട്രയല്‍ അലോട്ട്‌മെന്റ് പരിശോധന, ഓപ്ഷന്‍ പുനഃക്രമീകരണം, അലോട്ട്‌മെന്റ് പരിശോധന, രേഖ സമര്‍പ്പണം, ഫീസ് ഒടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ അനിവാര്യമാണ്.

കാന്‍ഡിഡേറ്റ് ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. 10ാംതരം പഠന സ്‌കീം ‘others’ വിഭാഗത്തില്‍ വരുന്നവര്‍ മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ്, തുല്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് (100 കെ.ബിയില്‍ കവിയാത്ത പി.ഡി.എഫ് ഫോര്‍മാറ്റില്‍) ഒപ്പം അപ്‌ലോഡ് ചെയ്യണം.

ഭിന്നശേഷി വിഭാഗത്തില്‍ പ്രത്യേക പരിഗണനക്ക് അര്‍ഹരായവര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപ്‌ലോഡ് ചെയ്യണം. മറ്റ് അപേക്ഷകര്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല.

  • അപേക്ഷ സമര്‍പ്പണവും ഓപ്ഷനും
  • ലോഗിന്‍ പേജില്‍ യോഗ്യതാ പരീക്ഷ സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, മാസം, വര്‍ഷം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയശേഷം ‘Application Submission Mode’ (സ്വന്തമായോ/ സ്‌കൂള്‍ സഹായക കേന്ദ്രം/ മറ്റു രീതി) തെരഞ്ഞെടുത്ത് സെക്യൂരിറ്റി ക്യാപ്ച ടൈപ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ഇതിനുശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാര്‍ഥിയുടെ പൊതുവിവരങ്ങളാണ് നല്‍കേണ്ടത്.

    അപേക്ഷകന്റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എന്‍.സി.സി/ സ്‌കൗട്ട് പ്രാതിനിധ്യം, 10ാം ക്ലാസ് പഠിച്ച സ്‌കൂള്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം. വിവിധ ക്ലബുകളുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ ‘ടിക്ക്’ മാര്‍ക്ക് ചെയ്യുക. ആദ്യതവണ പരീക്ഷ പാസായവര്‍ ചാന്‍സ് 1 എന്ന് രേഖപ്പെടുത്തണം.

    ആദ്യമായി പരീക്ഷയെഴുതിയ വര്‍ഷംതന്നെ സേ പരീക്ഷയിലൂടെ വിജയിച്ചവര്‍ ചാന്‍സ് 1 എന്നാണ് രേഖപ്പെടുത്തേണ്ടത്. ഒന്നിലധികം തവണകളായാണ് പാസായതെങ്കില്‍ എത്ര തവണ എന്നത് രേഖപ്പെടുത്തണം. പൊതുവിവരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഗ്രേഡ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയന്റ് നല്‍കിയാല്‍ ഓപ്ഷന്‍ നല്‍കുന്ന പേജില്‍ എത്തും.

    വിദ്യാര്‍ഥി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്‌കൂളും ആ സ്‌കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷന്‍. അപേക്ഷകര്‍ പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും കോംബിനേഷനും ആദ്യ ഓപ്ഷനായി നല്‍കണം. ആദ്യ ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ട സ്‌കൂളും കോംബിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം.

    ഇങ്ങനെ കൂടുതല്‍ സ്‌കൂളുകളും കോംബിനേഷനുകളും ക്രമത്തില്‍ നല്‍കാം. മാര്‍ക്കും ഗ്രേഡ് പോയന്റിനുമനുസരിച്ച് ലഭിക്കാന്‍ സാധ്യതയുള്ള സ്‌കൂളും കോംബിനേഷനും തെരഞ്ഞെടുത്താല്‍ ആദ്യ അലോട്ട്‌മെന്റുകളില്‍തന്നെ പ്രവേശനം ലഭിക്കും.

    പ്രവേശന സാധ്യത മനസ്സിലാക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ അവസാന റാങ്ക് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. സമര്‍പ്പിച്ച ഏതെങ്കിലും ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍ അതിനു ശേഷമുള്ള ഓപ്ഷനുകള്‍ (ലോവര്‍ ഓപ്ഷന്‍) റദ്ദാകും. അലോട്ട്‌മെന്റ് ലഭിച്ചതിന് മുകളിലുള്ള ഓപ്ഷനുകള്‍ (ഹയര്‍ ഓപ്ഷന്‍) നിലനില്‍ക്കും.

    ആവശ്യമുള്ള ഓപ്ഷനുകള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അപേക്ഷയുടെ മൊത്തം വിവരങ്ങള്‍ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കണം.