കാത്തിരിപ്പിന് വിരാമം; ശിവ കാർത്തികേയന്‍ ചിത്രം അമരന്‍റെ ട്രെയിലർ പുറത്തിറങ്ങി.
1 min read

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ശിവ കാർത്തികേയൻ ചിത്രം അമരന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്‍റെ ജീവിതം പറയുന്ന ചിത്രമാണ് അമരൻ. രാജ്കുമാറാണ് സംവിധായകൻ. മുകുന്ദ് വരദരാജനായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവി എത്തുന്നു. കമൽഹാസന്‍റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 31 ന് തീയേറ്ററുകളിൽ എത്തും. ജയിലർ, ജവാൻ, ലിയോ, വേട്ടയ്യൻ തുടങ്ങി വമ്പൻ സിനിമകൾ കേരളത്തിൽ വിതരണത്തിനെത്തിച്ച ശ്രീ ഗോകുലം മൂവീസാണ് അമരനും കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക ചക്രം നൽകി ആദരിക്കപ്പെട്ട മുകുന്ദ്, തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്. 2014 ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിനിടെ വെടിയേറ്റു വീരമൃത്യു വരിക്കുകയായിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാള താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
weone kerala sm
