വീണ്ടും വ്യാജ ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ തിരിച്ചെത്തി

1 min read
SHARE

ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ തിരിച്ചെത്തി. സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷമാണ് വീണ്ടും 303 യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നത്.

ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധി കാരണം പുതിയ ഓപ്പറേറ്റിംഗ് ക്രൂവിനൊപ്പമാണ് വിമാനം പുറപ്പെട്ടതെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

ഫ്‌ലൈറ്റില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ‘വിമാനത്തില്‍ ബോംബുണ്ട്’ എന്ന സന്ദേശമെഴുതിയ കുറിപ്പ് ടോയ്ലറ്റിനുള്ളില്‍ കാണാനിടയായത്. തുടര്‍ന്ന് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഒമ്പത് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം മുംബൈയിലേക്ക് മടങ്ങേണ്ടി വന്നത്

മുംബൈയില്‍ തിരിച്ചിറങ്ങിയ ബോയിംഗ് 777-300 ഇആര്‍ വിമാനം സുരക്ഷാ ഏജന്‍സികള്‍ സമഗ്രമായി പരിശോധിച്ചതിന് ശേഷം സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിക്ക് സര്‍വീസ് പുനഃക്രമീകരിച്ച ശേഷമാണ് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരു അജ്ഞാത വ്യക്തിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 6 മണിയോടെ മധ്യേഷ്യയിലെ അസര്‍ബൈജാന്റെ മുകളിലൂടെ പറക്കുമ്പോഴാണ് ഭീഷണി സന്ദേശം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അസര്‍ബൈജാന്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറങ്ങാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ്, ക്യാപ്റ്റന്‍ മുംബൈ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട് വിമാനം തിരിച്ചയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്.

കഴിഞ്ഞ മാസം, ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് റോമിലേക്ക് തിരിച്ചു വിട്ടിരുന്നു.

തിങ്കളാഴ്ച സിവില്‍ ഏവിയേഷന്‍ മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം വിവിധ വിമാനക്കമ്പനികളുടെ കുറഞ്ഞത് 15 വിമാനങ്ങള്‍ക്കെങ്കിലും വ്യാജ ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്, 2020 മുതല്‍ ഇത്തരം വ്യാജ ഭീഷണികളുടെ എണ്ണം 833 ആയാണ് രേഖപ്പെടുത്തുന്നത്.