താന്‍ നൊബേലിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍: അഴിമതി വിഭാഗത്തിലായിരിക്കുമെന്ന് പരിഹസിച്ച് ബിജെപി
1 min read

ന്യൂഡല്‍ഹി: മികച്ച ഭരണത്തിനുളള നൊബേല്‍ സമ്മാനം താന്‍ അര്‍ഹിക്കുന്നുണ്ടെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌റിവാളിന്റെ അവകാശവാദത്തെ പരിഹസിച്ച് ബിജെപി. അഴിമതി നിറഞ്ഞ ഭരണമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ കാലത്ത് ഡല്‍ഹിയിലുണ്ടായതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ് പറഞ്ഞു.
ആരോപണങ്ങളുടെ കൂമ്പാരത്തിനു നടുവില്‍ നില്‍ക്കുമ്പോള്‍ സ്വയം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കെജ്‌രിവാള്‍ സ്വയം തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്ന് പറയുന്നത് പരിഹാസ്യമാണ്. കഴിവില്ലായ്മ, അരാജകത്വം, അഴിമതി എന്നീ വിഭാഗങ്ങളില്‍ നൊബേലുണ്ടായിരുന്നെങ്കില്‍ അത് അദ്ദേഹത്തിന് തീര്‍ച്ചയായും ലഭിക്കുമായിരുന്നു’- വീരേന്ദ്ര സച്ച്‌ദേവ് പരിഹസിച്ചു. പൊതുഗതാഗത ബസുകളിലെ പാനിക് ബട്ടനുകള്‍, ക്ലാസ് റൂം നിര്‍മ്മാണം, സ്ത്രീകള്‍ക്കുളള പെന്‍ഷന്‍ പദ്ധതികള്‍, മദ്യ ലൈസന്‍സിംഗ് തുടങ്ങിയ അഴിമതികളും ക്രമക്കേടുകളുമുണ്ടായത് കെജ്‌രിവാളിന്റെ ഭരണകാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ആംആദ്പി പൊതുയോഗത്തിലായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ താന്‍ നൊബേലിന് അര്‍ഹനാണെന്ന് പറഞ്ഞത്. ‘നമ്മുടെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കാലത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് കരുതുന്നു.’-എന്നാണ് കെജ്‌റിവാള്‍ പറഞ്ഞത്. ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഇന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് എഎപിയുടെ പ്രാധാന്യം മനസിലാകുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
എഎപിയുടെ ഭരണമാതൃക സുതാര്യതയിലും സത്യസന്ധതയിലും അധിഷ്ഠിതമാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ‘ഒരു സര്‍ക്കാര്‍ അഴിമതിക്കാരാണെങ്കില്‍, അതിന്റെ മന്ത്രിമാര്‍ കൊളളയടിക്കുകയാണെങ്കില്‍ ഈ മോഡല്‍ ഭരണം തകരും. ഡല്‍ഹിയിലും പഞ്ചാബിലും എഎപി വിജയിച്ചത് അഴിമതി തടയുന്നതിലും പൊതുജനങ്ങളുടെ പണം ലാഭിക്കുന്നതിലൂടെയുമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെജ്‌രിവാളിനെ വിമര്‍ശിച്ച ബിജെപി നേതാവിനെതിരെ എഎപി രംഗത്തെത്തി. വീരേന്ദ്ര സച്ച്‌ദേവിന്റെ പാര്‍ട്ടി ഇപ്പോള്‍ പ്രതിപക്ഷമല്ല സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നും ഇനി ഭരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് മുന്‍ മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞത്.
