March 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
March 19, 2025

ബാരാപ്പോൾ കനാലിലെ ചോർച്ച; അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ആശങ്കക്ക് താത്കാലിക പരിഹാരം; വൈദ്യുതോത്പ്പാദനം പൂർണ്ണ തോതിലേക്ക്

1 min read
SHARE

ഇരിട്ടി: കനാലിലെ ചോർച്ചമൂലം ഉണ്ടായ ആശങ്കക്ക് താത്‌കാലിക പരിഹാരം.  നിർത്തിവെച്ച  ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോത്പാദനം പൂർണ്ണ തോതിലാക്കി.  കനാലിലെ ചോർച്ച മൂലം വീട് അപകടഭീഷണിയിലായ കുടുംബത്തിന് പ്രതിമാസം 30,000രൂപയും വീട്ടുവാടകയും നൽകി കെ എസ് ഇ ബി പുനരധിവസിപ്പിക്കും. ചോർച്ചമൂലം  മൂലം ഉണ്ടായ  അപകടഭീഷണി കണക്കിലെടുത്ത് ഉത്പ്പാദനം പൂർണ്ണതോതിൽ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ സണ്ണിജോസഫ് എം എൽ എയുടേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയുംനേതൃത്വത്തിൽ ഇരിട്ടി തഹസിൽദാരുടെ സാന്നിധ്യത്തിൽ  കെ എസ് ഇ ബി അധികൃതർ വീട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കനാൽ കരയ്ക്ക് താഴെയുള്ള കുറ്റിയാനിക്കൽ ബിനോയിയുടെ വീടാണ് അപകടഭീഷണി നേരിട്ടിരുന്നത്. കനാലിൽ നിന്നുള്ള വെള്ളം കുത്തിയൊഴുകി വീടിന്റെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചെന്ന പാരാതിയിൽ വൈദ്യുതോത്പ്പാദനം 22 ദിവസം നിർത്തിവെച്ചിരുന്നു. കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി നടത്തിയ മൂന്ന് വട്ടചർച്ചകളും പരാജയപ്പെട്ടിരുന്നു. സണ്ണിജോസഫ് എം എൽ എ വകുപ്പ് മന്ത്രിയുമായുമായും കെ എസ് ഇ ബി ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് ഉന്നത തല സംഘം പരിശോധന നടത്തിയത്.

പരിശോധനയ്ക്ക് ശേഷം നടന്ന ചർച്ചയിൽ മാറി താമസിക്കുന്നതിന് ബിനോയിക്ക് പ്രതിമാസം വാടക ഇനത്തിൽ പരമാവധി 15,000രൂപയും ജീവിത ചിലവിനായി പ്രതിദിനം 1000രൂപ തോതിൽ പ്രതിമാസം 30,000രൂപയും  നൽകാനാണ് ധാരണയിലെത്തിയത്. വീടിന്റെ അപകടഭീഷണിയും കനാലിന്റെ ചോർച്ചയും വിശദമായി പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി വിദഗ്ധ  സംഘത്തെ നിയോഗിക്കും. പരിശോധനയിൽ വീട് ഭീഷണിയിലാണെന്ന് കണ്ടാൽ വീടും വിടിനോട് ചേർന്നുള്ള 20 സെന്റ്  സ്ഥലവും കെ എസ് ഇ ബി ഏറ്റെടുക്കാനുമാണ് ധാരണ. വീട് അറ്റകുറ്റ പണി നടത്തി വാസയോഗ്യമാക്കാൻ പറ്റുമെങ്കിൽ കെ എസ് ഇ ബിയുടെ ചിലവിൽ അറ്റകുറ്റപണി നടത്തും.

പദ്ധതിയുടെ മൂന്ന് ജനറേറ്ററും പ്രവർത്തിപ്പിക്കാനുള്ള വെള്ളം പുഴയിലുണ്ട്. ഈ സമയത്ത് ഉദ്‌പാദനം  നടത്താൻ കഴിയാത്തത്  വൈദ്യുതി വകുപ്പിന്  വലിയ നഷ്ടമായിരുന്നു.  ഉത്പ്പാദനം മുടങ്ങിയാൽ ഒരു ദിവസം 18 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകും. ഇതെല്ലാം കണക്കിലെടുത്താണ് കുടുംബത്തിന് പ്രതിമാസം വലിയ തുക നൽകി പുനരധിവാസിപ്പിക്കുന്നത്. ഭാഗികമായ ഉത്പ്പാദനം വ്യാഴാഴ്ച്ച ആരംഭിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരമായതോടെ മൂന്ന് ജനറേറ്ററുകളും 24മണിക്കൂറും പ്രവർത്തിപ്പിച്ച് ഉത്പ്പാദനം തുടങ്ങി. ചർച്ചയിൽ എം എൽ എയ്ക്ക് പുറമെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ, കെ എസ് ഇ ബി സിവിൽ ജനറേഷൻ വിഭാഗം ഡയരക്ടർ ജി.രാധാകൃഷ്ണൻ, ഇലക്ട്രിക്കൽ ജനറേഷൻ വിഭാഗം ഡയരക്ടർ പി.കെ. ബിജു, സിവിൽ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എഞ്ചിനീയർ ഹരിദാസ്, പഴശ്ശി സാഗർ പ്രൊജക്ടറ്റ് മാനേജർ എം.ടി. സജി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മെറീന സബാസ്റ്റ്യൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ സാബു, എം. രാജേഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ മെഹ്‌റൂഫ്, യഥുലാൽ, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, ഐസക്ക് ജോസഫ്, സജി മച്ചിത്താനി, അയ്യൻകുന്ന് വില്ലേജ് ഓഫീസർ കെ.വി. ജിജുഎന്നിവരും സംബന്ധിച്ചു.