September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 12, 2024

ബ്രൂസല്ല ഒന്നാം ഘട്ട രോഗപ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കം

1 min read
SHARE
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാം ഘട്ട രോഗപ്രതിരോധ കുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. മൃഗങ്ങളിലെ അസുഖം കണ്ടെത്തി പ്രതിരോധകുത്തിവെപ്പ് നല്‍കുന്നതില്‍ മൃഗസംരക്ഷണ വകുപ്പ് അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു. ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ജില്ല മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു.
ബ്രൂസെല്ലോ അബോര്‍ട്ടസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. ചികിത്സ ഇല്ലാത്തതിനാല്‍ വാക്‌സിനേഷന്‍ വഴി മാത്രമേ രോഗം നിയന്ത്രിക്കാന്‍ കഴിയൂ. നാല് മാസം മുതല്‍ എട്ട് മാസം പ്രായമായ പശുക്കുട്ടികളിലും എരുമക്കുട്ടികളിലുമാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. ഒരു പ്രാവശ്യം വാക്‌സിന്‍ നല്‍കുന്നതിലൂടെ ജീവിതകാലം മുഴുവനും രോഗ നിയന്ത്രണം കൈവരിക്കാനാകും. ജില്ലയില്‍ മെയ് 19 വരെ അഞ്ചു പ്രവൃത്തി ദിവസങ്ങളില്‍ പ്രധാനമായും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വഴിയാണ് കുത്തിവെപ്പ് നടത്തുക. കുത്തിവെപ്പ് സൗജന്യമാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗം കൂടിയാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മനുഷ്യരില്‍ വന്ധ്യത, അബോര്‍ഷന്‍, പനി, ശരീരവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, ബലഹീനത എന്നീ ലക്ഷണങ്ങളാണ് ഉണ്ടാവുക. മൃഗസംരക്ഷണ മേഖലയിലുള്ളവര്‍, അറവുശാലയിലെ ജീവനക്കാര്‍, മൃഗങ്ങളുടെ തുകല്‍ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് രോഗം പകരാനും സാധ്യതയുണ്ട്. കന്നുകാലികള്‍ക്കും എരുമകള്‍ക്കും പനി, ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തില്‍ ഗര്‍ഭഛിദ്രം, വന്ധ്യത, മാംസത്തിന്റെയും പാലിന്റെയും ഉല്‍പാദന നഷ്ടം എന്നിവ മൂലം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നു. പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുമായി എല്ലാ കര്‍ഷകരും സഹകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ജില്ലാ വെറ്ററിനറി കേന്ദ്രം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ വെറ്ററിനറി കേന്ദ്രം ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി എസ് ദിവ്യക്ക് വാക്‌സിനേഷന്‍ കിറ്റ് കൈമാറി. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ എസ് ജയശ്രീ പദ്ധതി വിശദീകരിച്ചു. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ടി വി ജയമോഹനന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി കെ പത്മരാജ്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ, തോമസ്, കണ്ണൂര്‍ സഹകരണ പാല്‍ വിതരണ സംഘം പ്രസിഡണ്ട് ടി രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.