കൊവിഡ് കാലത്തെ ഐഫോണ്‍ വാങ്ങല്‍: ഫോണുകള്‍ പോക്കറ്റിലാക്കിയവര്‍ കുടുങ്ങും.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ വാങ്ങിയ ഐഫോണുകൾ പോക്കറ്റിലാക്കിയവര്‍ കുടുങ്ങും. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തിലയ്ക്ക് കത്ത് നല്കി. ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിലും പരാതി നല്‍കും. ഐഎംഇ നമ്പര്‍ വഴി ഫോണ്‍ എവിടെയെന്ന് പരിശോധിക്കാനാണ് നീക്കം.കണ്ണ് പരിശോധനയുടെ പേരില്‍ 224 ഫണ്ടസ് ക്യാമറയാണ് വാങ്ങിക്കൂട്ടിയത്. ഉപകരണത്തില്‍ ഘടിപ്പിക്കാന്‍ 224 ഐഫോണുകളും വാങ്ങിയിരുന്നു. എന്നാല്‍, വാങ്ങിയ ഉപകരണങ്ങള്‍ കൊവിഡ് കാലത്ത് ഉപയോഗിച്ചില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഫണ്ടസ് ക്യാമറയും ഐഫോണും വാങ്ങാനായി 7.16 കോടി രൂപയാണ് ചെലവഴിച്ചത്. റെമഡിയോ ഇന്നവേറ്റീവ് സൊല്യൂഷന് കമ്പനിയില്‍ നിന്നാണ് ഫണ്ടസ് ക്യാമറ വാങ്ങിയത്. ഐഫോണ്‍ 6s മോഡലിലുള്ള 224 ഫോണുകള്‍ വാങ്ങി. ഫണ്ടസ് ക്യാമറയും ഐഫോണും ചേര്‍ത്ത് ഒരു ഉപകരണത്തിന് ചെലവായത് 3.2 ലക്ഷം രൂപയാണ്.ഇന്നലെ നിയമസഭയില്‍ മറുപടി പറയവെയായിരുന്നു ഐഫോണ്‍ അടക്കം കാണാതായതായി പരാതി ലഭിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. അബിന്‍ വര്‍ക്കി എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മറുപടി. വാങ്ങിയ ഐഫോണുകളും ഫണ്ടസ് ക്യാമറയും പല ആശുപത്രികളിലും ഉപയോഗിക്കുന്നില്ല. പല ഐ ഫോണുകളും കാണാനില്ലെന്ന പരാതിയുണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.


