കാനഡ വിമാനാപകടം: ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രിക്ക് കത്തയച്ച് പ്രൊഫ.കെ.വി തോമസ്
1 min read

കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി ശ്രീഹരി സുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിൻ്റ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കത്തയച്ചു.
തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള അനുമതി ലഭ്യമാക്കുന്നതിനും ഡോക്യുമെൻ്റേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും കാനഡയിൽ ഇന്ത്യയുടെ ആക്ടിംഗ് ഹൈ കമ്മീഷണർ ചിൻമയ് നായികിന് നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.മെഡിക്കൽ എക്സാമിനേഴ്സിൻ്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കണമെന്ന് ആക്ടിംഗ് ഹൈ കമ്മീഷണർ ചിൻമയ് നായികിന് അയച്ച കത്തിൽ കെ.വി തോമസ് ആവശ്യപ്പെട്ടു.എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ശ്രീഹരി സുകേഷ്. പ്രൊഫ. കെ.വി തോമസ് ഇന്ന് ശ്രീഹരിയുടെ വീട്ടിലെത്തി ബന്ധുക്കളെ കാണും. പരിശീലന പറപ്പിക്കലിനിടയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ശ്രീഹരി മരിച്ചത്.
