പ്രളയബാധിത സംസ്ഥാനങ്ങള്‍ക്കുള്ള സഹായത്തില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം: സംസ്ഥാനത്തിന് അനുവദിച്ചത് 153.20 കോടി രൂപ
1 min read

കേരളത്തോടുളള അവഗണന തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 1066 കോടിയുടെ പ്രളയഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 153 കോടി രൂപ. ബിജെപി ഭരിക്കുന്ന അസമിന് 375കോടിയും ഉത്തരാഖണ്ഡിന് 455 കോടിയും അനുവദിച്ചു. അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇത്തവണയും മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പാക്കേജ് പരിഗണിച്ചില്ല.
1066.80 കോടി രൂപയാണ് പ്രളയം ബാധിച്ച ആറ് സംസ്ഥാനങ്ങള്‍ക്കായി എസ്ഡിആര്‍എഫ് വിഹിതമായി കേന്ദ്രം അനുവദിച്ചത്. ഇതില്‍ കേരളത്തിന് ലഭിച്ചത് വെറും 153.20 കോടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിന് 375.60 കോടിയും ഉത്തരാഖണ്ഡിന് 455.60 കോടിയും മണിപ്പൂരിന് 29.20 കോടിയും മേഘാലയയ്ക്ക് 30.40 കോടിയും മിസോറാമിന് 22.80 കോടിയും അനുവദിച്ചു.
ഈ വര്‍ഷം മാത്രം, ഇതുവരെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ഫണ്ടായി 8000 കോടി രൂപ അനുവദിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ എത്ര വിഹിതം കിട്ടിയെന്നതും ചോദ്യമായി അവശേഷിക്കുന്നു.
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിനായി 2000 കോടിയുടെ പാക്കേജ് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇത്തവണയും പരിഗണിച്ചില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അവഗണ ആവര്‍ത്തിച്ചു. വെളളപ്പൊക്കം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം ഉണ്ടായ സംസ്ഥാനങ്ങള്‍ക്കാണ് ഇപ്പോഴത്തെ ധനസഹായമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
