മധ്യപ്രദേശിൽ താപനില 46 ഡിഗ്രി കടന്നു, വവ്വാലുകളും പക്ഷികളും ചത്തൊടുങ്ങുന്നു
1 min readകേരളത്തിൽ കാലവർഷം എത്തിയെങ്കിലും ഉത്തരേന്ത്യയില്‍ ആളുകൾ ഇപ്പോഴും ചൂടിൽ ഉരുകുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തീവ്രമായ ഉഷ്ണതരംഗം പ്രഖ്യാപിക്കുകയും ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഉയരുന്ന താപനിലയിൽ മനുഷ്യർ മാത്രമല്ല ബുദ്ധിമുട്ടുന്നത്. സമീപകാല താപനിലയിലെ വർധനയിൽ മൃഗങ്ങളും പക്ഷികളും ഒരുപോലെ കഷ്ടപ്പെടുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും തെളിവ് നല്കുന്നു. മധ്യപ്രദേശിൽ താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്ത് കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു.
മധ്യപ്രദേശിലെ രത്ലാമിലാണ് പക്ഷികളും വവ്വാലുകളും ഉഷ്ണതരംഗത്തിൽപ്പെട്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. രത്ലാമിൽ, താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഇപ്പോൾ. ഇത്രയും താപനിലയെ അതിജീവിക്കാൻ പക്ഷികൾക്ക് സാധിക്കില്ല. രത്ലാമിലെ മുനിസിപ്പൽ ഓഫീസിന് സമീപത്താണ് പക്ഷികളെ ചത്തനിലയിൽ കണ്ടത്തിയത്.