2026ൽ കോൺഗ്രസ് മുഖ്യമന്ത്രി വരും; പണ്ട് ചാരായം നിരോധിച്ചു, മയക്കുമരുന്ന് അതിനേക്കാൾ ആയിരം മടങ്ങ് അപകടം: എ കെ ആന്റണി
1 min read

ആശാമാരോട് സർക്കാർ ദയ കാണിക്കണമെന്ന് AICC പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. പെരുമഴയത്ത് ആശമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നു. വലിയ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരല്ല. കേരള സർക്കാർ കൊടുക്കേണ്ടത് ആദ്യം കൊടുക്ക്. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടത് നമുക്ക് ഒരുമിച്ച് പോയി വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിടിവാശി കാണിക്കരൂത്. സമരം ചെയ്യാനുള്ള അവകാശം CITU വിന് മാത്രമല്ല. അവരുടെ സമരം അവസാനിപ്പിക്കണം. ടാർപ്പാളിൻ മാറ്റിയത് ക്രൂരതയാണ്. പൊലീസ് നടപടി മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണെന്നും എ കെ ആന്റണി വിമർശിച്ചു.
ഹൈക്കോടതി തീരുമാനം പറഞ്ഞാണ് ടാർപ്പാളിൻ അഴിച്ച് മാറ്റിയത്. കണ്ണൂരിൽ CPIM വഴിയടച്ച് സമരം ചെയ്തു. കേരളം ഭരണ മാറ്റത്തിന് പാകമായി. 2026 ൽ കോൺഗ്രസ് മുഖ്യമന്ത്രി വരും. അതിന് മുമ്പ് സെമി ഫൈനൽ പ്രധാനമാണ്.
അതാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ മയക്കു മരുന്നിനെതിരെ ഒരുമിച്ച് പ്രവർത്തിക്കണം. ചാരായം പണ്ട് നിരോധിച്ചു. വീര്യമുള്ള മദ്യമായതു കൊണ്ടാണ് നിരോധിച്ചത്. മയക്കുമരുന്ന് ചാരായത്തെക്കാൾ ആയിരം മടങ്ങ് അപകടമാണ്.
ഇതടിച്ചാൽ അമ്മയെന്നോ അച്ഛനെന്നോ ബോധമില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് മാറ്റേണ്ട അവസ്ഥ. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തണം. അത് നാടിന്റെ ആവശ്യമെന്നും എ കെ ആന്റണി വ്യക്തമാക്കി.
